ബെസ്റ്റ് ബ്രിട്ട്സ്
Tuesday, October 7, 2025 12:36 AM IST
ഇന്‍ഡോര്‍: 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ടാസ്മിന്‍ ബ്രിട്ട്സിനു സെഞ്ചുറി.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 89 പന്തില്‍ 101 റണ്‍സ് നേടിയ ബ്രിട്ട്സ് ദക്ഷിണാഫ്രിക്കയുടെ ചേസിംഗിനു നേതൃത്വം നല്കി. ഈ ലോകകപ്പില്‍ പിറക്കുന്ന മൂന്നാം സെഞ്ചുറിയാണ് ബ്രിട്ട്സിന്റേത്. നേരത്തേ ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈനും ഓസ്ട്രേലിയയുടെ ആഷ്ലി ഗാര്‍ഡ്നറും സെഞ്ചുറി നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സോഫി ഡിവൈനും (85) ബ്രൂക്ക് ഹാലിഡേയും (45) കിവീസിനായി പോരാട്ടം നയിച്ചു. എന്നാല്‍, ദക്ഷിണാഫ്രിക്കയുടെ നോര്കുലെക്കോ മ്ലാബ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതോടെ ന്യൂസിലന്‍ഡിന്റെ ഇന്നിംഗ്സ് 47.5 ഓവറില്‍ 231ന് അവസാനിച്ചു.
232 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസില്‍ എത്തിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ടാസ്മിന്‍ ബ്രിട്ട്സും സണ്‍ ലൂസും (83 നോട്ടൗട്ട്) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 159 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതോടെ മത്സരത്തിന്റെ പിടി പ്രോട്ടീസ് വനിതകളുടെ കൈയിൽ. 40.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. ടാസ്മിന്‍ ബ്രിട്ട്സാണ് പ്ലെയർ ഓഫ് ദ മാച്ച്.