പെപ് + ഹാലണ്ട്
Tuesday, October 7, 2025 12:36 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ നാലാം ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി.
എവേ പോരാട്ടത്തില്‍ ബ്രെന്റ്ഫോഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. 9-ാം മിനിറ്റില്‍ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട് ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി വലകുലുക്കിയത്.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് ഹാലണ്ടിന്റെ എട്ടാം ഗോളാണ്. ജയത്തോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി സിറ്റി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ആഴ്സണല്‍ (16), ലിവര്‍പൂള്‍ (15), ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ (14), ബേണ്മത്ത് (14) ടീമുകളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍.
ഹാലണ്ട് 15, 96%: പെപ് 250
ഈ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി എര്‍ലിംഗ് ഹാലണ്ട് 15 ഗോള്‍ സ്വന്തമാക്കി; പ്രീമിയര്‍ ലീഗിലെ മറ്റു താരങ്ങളേക്കാള്‍ ഒമ്പത് ഗോള്‍ മുന്നില്‍. ബ്രെന്റ്ഫോഡിന്റെ ഹോം ഗ്രൗണ്ടായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിലും ഗോള്‍ നേടിയതോടെ, പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 23 ഗ്രൗണ്ടുകളില്‍ 22ലും ഹാലണ്ട് ലക്ഷ്യം കണ്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ കളിച്ച സ്റ്റേഡിയങ്ങളിലെ ഗോള്‍ ശതമാനത്തില്‍ ഏറ്റവും മുന്നിലാണ് ഹാലണ്ട്; 96 ശതമാനം.
മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടി.
ബ്രെന്റ്ഫോഡിന് എതിരായ ജയം പ്രീമിയര്‍ ലീഗില്‍ മാനേജര്‍ എന്ന നിലയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ 250-ാമത്തേത് ആയിരുന്നു. 349 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍നിന്നാണ് പെപ് 250 ജയം സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തില്‍ അതിവേഗത്തില്‍ 250 ജയം സ്വന്തമാക്കിയ റിക്കാര്‍ഡും ഇതോടെ പെപ്പിനു സ്വന്തം.