ഛേത്രി, സഹല്‍ ഇന്ത്യന്‍ ടീമില്‍
Tuesday, October 7, 2025 12:36 AM IST
ബംഗളൂരു: സിംഗപ്പുരിന് എതിരായ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയും മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദും ഇടം പിടിച്ചു. കോച്ച് ഖാലിദ് ജമീല്‍ ഇന്നലെ പ്രഖ്യാപിച്ച 23 അംഗ ഇന്ത്യന്‍ ടീമിലാണ് ഇരുവരും ഉള്‍പ്പെട്ടത്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന സന്ദേശ് ജിങ്കനും ടീമിലുണ്ട്.
രാജ്യാന്തര ഫുട്ബോളില്‍നിന്നുള്ള വിരമിക്കില്‍ റദ്ദാക്കി തിരിച്ചെത്തിയ 41കാരനായ സുനില്‍ ഛേത്രി ഓഗസ്റ്റ് - സെപ്റ്റംബറില്‍ നടന്ന കാഫ നേഷന്‍സ് കപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ ഇല്ലായിരുന്നു. സിംഗപ്പുരിന് എതിരായ യോഗ്യതാ മത്സരം ഈ മാസം ഒമ്പതിന് സിംഗപ്പുര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ്.
എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ടു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുള്ള സിംഗപ്പുര്‍, ഹോങ്കോംഗ് ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് 2027 ഏഷ്യന്‍ കപ്പിനു യോഗ്യത നേടുക.
മോഹന്‍ ബഗാന്റെ മധ്യനിര താരമാണ് സഹല്‍ അബ്ദുള്‍ സമദ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫറൂഖും ടീമിലുണ്ട്.