റെയിൽ വികസനത്തിന് നാല് പദ്ധതികൾ; ചെലവ് 24,634 കോടി
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ 18 ജില്ലകളെ ബന്ധിപ്പിക്കുന്ന 24,634 കോടി രൂപയുടെ റെയിൽവേ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാന്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ റെയിൽ വികസനത്തിനായുള്ള പദ്ധതിയിലൂടെ റെയിൽവേ ശൃംഖലയിൽ 894 കിലോമീറ്റർകൂടി അധികമായി കൂട്ടിച്ചേർക്കപ്പെടും.
മഹാരാഷ് ട്രയിലെ വാർധ-ബുസാവൽ റൂട്ടിലെ മൂന്നും നാലും പാതകളുടെ നിർമാണമാണു പദ്ധതികളിലൊന്ന്. 314 കിലോമീറ്ററാണ് ദൂരം. മഹാരാഷ്ട്രയിലെ ഗോണ്ടിയിൽനിന്ന് ഛത്തീസ്ഗഡിലെ ഡോംഗർഗഡിലേക്കുള്ള 84 കിലോമീറ്ററിൽ നാലാം പാതയാണ് രണ്ടാമത്തെ പദ്ധതി. ഗുജറാത്തിലെ വഡോദരയിൽനിന്ന് മധ്യപ്രദേശിലെ റത്ലം വരെയുള്ള 259 കിലോമീറ്റർ ലൈനിലെ മൂന്നും നാലും പാതകൾ, ഇറ്റാർസിയിൽനിന്ന് ഭോപ്പാൽവഴി മധ്യപ്രദേശിലെ ബിന വരെയുള്ള 84 കിലോമീറ്ററിലെ നാലാം പാത എന്നിവയാണ് അവശേഷിച്ച മറ്റ് രണ്ട് പദ്ധതികൾ.
85.84 ലക്ഷം ആളുകൾ താമസിക്കുന്ന 3,633 ഗ്രാമങ്ങളിലൂടെയാണു പദ്ധതി കടന്നുപോകുന്നത്. പാതയുടെ വികസനത്തോടെ ചരക്കുനീക്കം കൂടുതൽ വേഗത്തിലാകുന്നതിനൊപ്പം യാത്രാദുരിതത്തിനും പരിഹാരമുണ്ടാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.