വനംവകുപ്പ് വാച്ചറെ കടുവ കൊന്നുതിന്നു
Wednesday, October 8, 2025 1:54 AM IST
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. പെരിയാർ ടൈഗർ വെസ്റ്റ് റിസർവിലെ താത്ക്കാലിക വാച്ചർ ഗവി സ്വദേശി അനില്‍ കുമാറാണ് (32) മരിച്ചത്.
പൊന്നമ്പലമേട് പാതയില്‍ ചെന്താമര പോയിന്റ് ഭാഗത്ത് ഇന്നലെ രാവിലെയാണ് അനിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മാംസം മുഴുവൻ നഷ്ടപ്പെട്ട നിലയിൽ അസ്ഥികൂടമായിട്ടാണ് മൃതദേഹം കണ്ടെത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ജോലിക്കുശേഷം ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ ഗവിയിലെത്തിയ അനിൽകുമാർ മലഞ്ചരക്ക് സാധനങ്ങൾ വാങ്ങാൻ കൊച്ചുപമ്പവഴി പമ്പയ്ക്കു പോയിരുന്നതായി പറയുന്നു. ഇതിനിടെ, കടുവയുടെ ആക്രമണം ഉണ്ടായതായാണ് സംശയിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട അനില്‍കുമാർ വനവിഭവങ്ങള്‍ ശേഖരിക്കാനും പോകാറുണ്ടായിരുന്നു. വനംവകുപ്പിന്റെ താത്കാലിക വാച്ചറായി ജോലിയിൽ പ്രവേശിച്ച അനിൽ കുമാറിനെ കഴിഞ്ഞയിടെയാണ് സ്ഥിരപ്പെടുത്തിയത്.
മൂന്നുദിവസമായിട്ടും ആളെ കാണാത്തതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് വനപാലകർ. സ്ഥലത്തെ കാൽപ്പാദങ്ങൾ പരിശോധിച്ചു സ്ഥിരീകരിച്ചിട്ടുണ്ട്.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, ആദർശ്.