ശബരിമല സ്വർണപ്പാളി : രണ്ടാം ദിനവും നിയമസഭ പ്രക്ഷുബ്ധം; മന്ത്രിമാർക്കു നേരേ കൂക്കുവിളി
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണ സംഭവത്തിൽ രണ്ടാം ദിനവും നിയമസഭ പ്രക്ഷുബ്ധം. നടത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ മന്ത്രിമാർക്കു നേർക്കു കൂക്കുവിളികളും നടത്തി. ശരണം വിളിയുടെ താളത്തിലുള്ള പ്രതിപക്ഷ മുദ്രാവാക്യത്തിൽ നിയമസഭാ നടപടികൾ വേഗത്തിലാക്കി ഇന്നലെയും പിരിഞ്ഞു.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചതു മുതൽ പ്രതിപക്ഷ പ്രതിഷേധത്തിനും സഭ വീണ്ടും സാക്ഷിയായി. ഇതേ തുടർന്നു നിർത്തിവച്ച സഭ പിന്നീട് 9.56നു വീണ്ടും തുടങ്ങി. ശൂന്യവേള ഇന്നലെ നാലു മിനിറ്റ് നേരത്തേ ആരംഭിച്ചു. 10 മണിക്കാണ് സാധാരണ ശൂന്യവേള തുടങ്ങുന്നത്.
9.56ന് മടങ്ങിയെത്തിയ സ്പീക്കർ എ.എൻ. ഷംസീർ ശ്രദ്ധക്ഷണിക്കലിലേക്കു കടക്കുകയായിരുന്നു. ഇതോടെ ബാനറും ബോർഡുകളുമായി പ്രതിപക്ഷ അംഗങ്ങളും നടുത്തളത്തിലെത്തി.
ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറച്ചുള്ള മുദ്രാവാക്യത്തിൽ സഭാ നടപടികൾ പലപ്പോഴും തടസപ്പെടുന്ന സാഹചര്യമുണ്ടായി. കള്ളൻമാരുടെ കോണ്‍ക്ലേവ്, കൊള്ളക്കാരുടെ കോണ്‍ക്ലേവ്. രാജിവയ്ക്കൂ, പുറത്തു പോകൂ. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ആദ്യ ശ്രദ്ധക്ഷണിക്കൽ കഴിഞ്ഞു സബ്മിഷനുകളുടെ മറുപടി മേശപ്പുറത്തുവയ്ക്കാൻ നിർദേശിച്ചു.
തുടർന്നു പഴവർഗങ്ങളിൽനിന്നു വൈൻ ഉത്പാദിപ്പിക്കുന്നതിനുള്ള ചട്ടഭേദഗതിയുമായി എഴുന്നേറ്റ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ശബരിമല സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദേശിച്ചിട്ടും പ്രതിപക്ഷം സമരം അവസാനിപ്പിക്കാത്ത നടപടിയെ വിമർശിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മന്ത്രിക്കു നേർക്കു കൂക്കുവിളി ഉയർത്തി. ഇതോടെ കൂവിത്തോൽപ്പിക്കാമെന്നു കരുതേണ്ടെന്നും താൻ പറയേണ്ടത് പറഞ്ഞിട്ടേ പോകുകയുള്ളൂവെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
പിന്നീട് മന്ത്രി പി. രാജീവ് സഭയിലുള്ള വക്കീൽ മുഖ്യമന്ത്രിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോയിട്ടും കേസ് തള്ളിയശേഷം 10 ലക്ഷം രൂപ ഫൈൻ അടിക്കണോ എന്നാണ് കോടതി ചോദിച്ചത്. മാത്യു കുഴൽനാടന്റെ പേരെടുത്തു പറയാതെയായിരുന്നു വിമർശനം. അപ്പോഴും പ്രതിപക്ഷത്തുനിന്നു മന്ത്രിക്കു നേർക്കു കൂക്കുവിളി ഉയർന്നു. ഇനി ഹേഗിലൊരു അന്തർദേശീയ കോടതിയുണ്ട്. അവിടെയാകും അപ്പീൽ പോകുന്നതെന്നും മന്ത്രി കളിയാക്കി.
പ്രതിപക്ഷത്തിന് കോടതികളിൽനിന്നു തുടർച്ചയായ തിരിച്ചടികളാണ് നേരിടുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ, കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളായ രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തള്ളിക്കളഞ്ഞ സിബിഐ അന്വേഷണ ആവശ്യമാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉയർത്തുന്നതെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ വീണ്ടും പറഞ്ഞു. ബില്ലുകൾ വായിച്ചു ചർച്ചയില്ലാതെ പാസാക്കിയ ശേഷം 11.15ന് സഭ അവസാനിപ്പിക്കുകയായിരുന്നു.
ഇന്നു വീണ്ടും നിയമസഭ ചേരുന്പോൾ തുടർച്ചയായുള്ള സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് മുൻകൈ എടുക്കുമെന്ന പ്രതീക്ഷ പുലർത്തുന്നതായി പറഞ്ഞാണ് സ്പീക്കർ എ.എൻ. ഷംസീർ ഇന്നലത്തെ സഭാ നടപടികൾ അവസാനിപ്പിച്ചത്.