ഓപ്പറേഷന് നുംഖോര്‍: 33 വാഹനങ്ങള്‍ സേഫ് കസ്റ്റഡിയിലേക്കു മാറ്റി
Wednesday, October 8, 2025 12:25 AM IST
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ ‘ഓപ്പറേഷന് നുംഖോറി’ ലൂടെ പിടിച്ചെടുത്ത 39 വാഹനങ്ങളില്‍ 33 എണ്ണം ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്കു മാറ്റി.
ആഡംബരവാഹനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കേണ്ടതുകൂടി കണക്കിലെടുത്താണ് കസ്റ്റംസിന്റെ നടപടി. അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ അവസാനിക്കുന്നതുവരെ ഈ വാഹനങ്ങള്‍ ഉടമകള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല. ഈ വാഹനങ്ങള്‍ നിയമവിരുദ്ധമായല്ല എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്.
കുറ്റം തെളിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടും. പിടിച്ചെടുത്തവയില്‍ ബാക്കി ആറു വഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയില്‍ തുടരും. നടന്മാരായ ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്ന ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍, നിസാന്‍ പട്രോൾ എന്നീ കാറുകളും അമിത് ചക്കാലയ്ക്കലിന്റെ ഒരു എക്സ്യുവി വാഹനവും ഇതില്‍ ഉള്‍പ്പെടും. വാഹനക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സൈനിക ഉദ്യോഗസ്ഥനെ ഭൂട്ടാനില്‍ ചോദ്യം ചെയ്തിരുന്നു.
140 വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
പിടികൂടാനുള്ള 161 വാഹനങ്ങളില്‍ 140 വാഹനങ്ങള്‍ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നികുതി വെട്ടിച്ച് 200ഓളം വാഹനങ്ങള്‍ സംസ്ഥാനത്തേക്കു കടത്തിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. എന്നാല്‍ ഇതുവരെ 39 വാഹനങ്ങള്‍ മാത്രമാണു പിടികൂടാനായത്.
അനധികൃതമായി എത്തിച്ച എല്ലാ വാഹനങ്ങളുടെ നമ്പറും മറ്റു വിശദാംശങ്ങളും കസ്റ്റംസിന്റെ പക്കല്‍ ഉണ്ടെങ്കിലും ഇവ പിടികൂടാനാകാത്തതു വെല്ലുവിളിയാണ്. അതേസമയം ‘ഓപ്പറേഷൻ നുംഖോറി’ ന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ എത്തിയ ഫോണ്‍കോള്‍ നടപടികള്‍ വൈകിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.
പുറത്തേക്ക് കടത്തിയോ? അന്വേഷിക്കുന്നു
കസ്റ്റംസ് പരിശോധനയ്ക്കുപിന്നാലെ കേരളത്തിലെത്തിച്ച 161ഓളം ഭൂട്ടാന് വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇവ കണ്ടെത്തുന്നതിനായി സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പരിശോധന ആരംഭിക്കാനാണു കസ്റ്റംസിന്റെ നീക്കം. ഇതിനായി തമിഴ്നാട്, കര്‍ണാടക പോലീസിന്റെ സഹായവും തേടും.
വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തിയതിനു പിന്നില്‍ പരിശോധനാവിവരം ചോര്‍ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.