പ്രതിപക്ഷ ബഹളത്തിനിടയിൽ നാല് ബില്ലുകൾ നിയമസഭ പാസാക്കി
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെ നാല് ബില്ലുകൾ നിയമസഭ പാസാക്കി.
സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച 2024-ലെ പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ, 2025-ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ, 2025-ലെ കേരള കയർ തൊഴിലാളി ഭേദഗതി ബിൽ, 2025-ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയാണ് ചർച്ച കൂടാതെ പാസാക്കിയത്.
പഴങ്ങളിൽ നിന്നും ധാന്യം ഒഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം (ഹോർട്ടി വൈൻ) ഉത്പാദിപ്പിക്കാൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമിത വൈനിന്റെ നിലവിലുള്ള നികുതിഘടന ഹോർട്ടി വൈനിന് ബാധകമാക്കുന്നതിനായാണ് പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ കൊണ്ടുവന്നത്.
ഹോർട്ടി വൈനിനെ ഇന്ത്യൻ നിർമിത വിദേശ വൈനുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് ഭേദഗതി. കലാ സാംസ്കാരിക ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാനമൊട്ടാകെ ഏകീകൃത നിയമം നടപ്പിലാക്കുന്നതിനായാണ് കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ പാസാക്കിയത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 2008ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ് ആക്ടിലെ നടപടിക്രമ ലംഘനങ്ങൾ, കുറ്റകൃത്യങ്ങൾ, പിഴ മുതലായവയിൽ നിലവിലെ ശിക്ഷാ വ്യവസ്ഥകൾക്കു പകരം പിഴശിക്ഷ ചുമത്തുന്നതിനും പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് 2025-ലെ കേരള കയർ തൊഴിലാളി ഭേദഗതി ബിൽ, 2025-ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവ. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, പി. രാജീവ് എന്നിവർ ബില്ലുകൾ അവതരിപ്പിച്ചു.