കോഴിക്കോട്ടും ക്ഷേത്രങ്ങളിൽ സ്വര്‍ണം കാണാതായി
Wednesday, October 8, 2025 1:54 AM IST
കോഴിക്കോട്: ശബരിമലയ്ക്കു പിന്നാലെ കോഴിക്കോട്ടും ക്ഷേത്ത്രില്നിന്നു സ്വര്‍ണവുമായി ജീവനക്കാരന് മുങ്ങി.
ബാലുശേരി കോട്ട പരദേവത ക്ഷേത്രത്തിലെ വഴിപാട് നടത്തിയ 20 പവനിലധികം സ്വര്‍ണം അപ്രത്യക്ഷമായതായാണ് വിവരം. മലബാര്‍ ദേവസ്വം ബോര്‍ഡ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.
മുന്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥലംമാറിപ്പോയപ്പോള്‍ വഴിപാട് സ്വര്‍ണം തിരിച്ചേല്പ്പിച്ചില്ലെന്നാണ് ആരോപണം. ചുമതലയേല്‍ക്കാന്‍ എത്തിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ഇയാള്‍ സ്വര്‍ണം കൊടക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
സമാനമായ സംഭവം നീലേശ്വരം കല്ലുരുട്ടി കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിലും ഉണ്ടായി. ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണംകൊണ്ടുള്ള വിവിധ സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തറിഞ്ഞത്.
2023ല്‍ സ്ഥാനമൊഴിഞ്ഞ ട്രസ്റ്റീബോര്‍ഡ് പുതിയ ബോര്‍ഡിന് അധികാരം കൈമാറുമ്പോള്‍ ഉണ്ടായിരുന്ന സാധനങ്ങളിലാണ് കുറവു വന്നത്. നാലുപേരടങ്ങുന്ന ട്രസ്റ്റീ ബോര്‍ഡിനെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. 2023നുശേഷം ലഭിച്ച സാധനങ്ങളുടെ കണക്കുകള്‍ ഇനിയും പുറത്തുവരാനുണ്ട്.