കൊച്ചി-ധനുഷ്കോടി ദേശീയപാത ; വനമേഖലയാണെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍
Wednesday, October 8, 2025 1:54 AM IST
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത നിര്‍മാണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍ സത്യവാങ്മൂലം.
നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയപാതയില്‍ 14.5 കിലോ മീറ്റര്‍ വനമേഖലയാണെന്ന മുന്‍ നിലപാട് തിരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ മേഖല റവന്യു ഭൂമിയാണെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം തിരുത്തി നല്‍കിയത്.
വനഭൂമിയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ദേശീയപാതയുടെ നിര്‍മാണം ഹൈക്കോടതി തടഞ്ഞിരുന്നു. നിലവിലെ സത്യവാങ്മൂലത്തിലൂടെ റോഡ് നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാവുന്ന സഹചര്യമാണുണ്ടായിരിക്കുന്നത്.
വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു നേരത്തേ തെറ്റായ സത്യവാങ്മൂലം നല്‍കിയത്. ദേശീയപാതാ അഥോറിറ്റി റിവ്യു ഹര്‍ജി നല്കിയപ്പോള് അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കുമെന്ന് കോടതിയില്‍ അറിയിച്ചിരുന്നു.
അനുമതിയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മേഖല വനഭൂമിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു നിര്‍മാണപ്രവര്‍ത്തനം നേരത്തെ വിലക്കിയത്.
സർക്കാർ തെറ്റായ സത്യവാങ്മൂലം നൽകി എന്നാരോപിച്ച് വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകൾ രംഗത്ത് വരികയും ജില്ലയിലും ദേവികുളം താലൂക്കിലും ഹർത്താൽ, പണിമുടക്ക്, ലോംഗ് മാർച്ച് അടക്കമുള്ള വിവിധ സമരപരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും 13ലെ വിധിക്കായുള്ള കാത്തിരിപ്പാണെന്നും ദേശീയപാതാ സംരക്ഷണ സമരസമിതി നേതാക്കൾ അറിയിച്ചു.