ചോദ്യോത്തരവേള നടന്നതു 21 മിനിറ്റ് മാത്രം
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഇന്നലെയും പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി സ്പീക്കറുടെ മുന്നിലേക്കു കഴിഞ്ഞ ദിവസത്തെപ്പോലെ മുദ്രാവാക്യം വിളികളുമായി എത്തി.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. ശബരിമലയിലെ സ്വർണംപൂശിയ ദ്വാരപാലക ശിൽപം ഉയർന്ന നിരക്കിൽ വിൽപന നടത്തിയെന്നാണു ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് സതീശൻ പറഞ്ഞു.
അതിനാൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സഭാനടപടികളുമായി സ്പീക്കർ മുന്നോട്ടുപോകുകയും ബഹളം രൂക്ഷമായതോടെ ചോദ്യോത്തരവേള റദാക്കി സഭാ നടപടികൾ നിർത്തിവയ്ക്കുന്നതായും സ്പീക്കർ അറിയിച്ചു.
ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണു പ്രതിപക്ഷ നേതാവിന്റേതെന്ന് വി.ഡി.സതീശനു ശേഷം സംസാരിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി സർക്കാരും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വരുന്പോൾ കോടതിയെ പോലും അംഗീകരിക്കാത്ത ഈ നാടകം സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടിയുള്ളതാണെന്നും രാജീവ് പറഞ്ഞു.
ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിനു വിശ്വാസം നഷ്ടപ്പെട്ടിട്ടു കാലങ്ങളേറെയായെന്നു തുടർന്നു സംസാരിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭീരുക്കളായ പ്രതിപക്ഷം തങ്ങളുടെ ഭീരുത്വം ആവർത്തിച്ചു സഭയിൽ പ്രകടിപ്പിക്കുകയാണ്. സുപ്രീംകോടതിയിൽ പോയ മാത്യു കുഴൽനാടനെ സഭയിൽ കാണാനില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. പിന്നാലെ പ്രതിപക്ഷം ബഹളം തുടർന്നു.
ബഹളത്തിനിടെയും മന്ത്രിമാരായ ഒ.ആർ. കേളുവും വി. അബ്ദുറഹ്മാനും മറുപടി തുടർന്നു. ഇതിനിടെ, ചെയറിന്റെ കാഴ്ച മറച്ചതിൽ അസ്വസ്ഥനായ സ്പീക്കർ പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തു. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും നോട്ടീസ് പോലും തരാതെയുള്ള പ്രതിഷേധം ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
ഹൈക്കോടതി എസ്ഐടിയെ നിയോഗിച്ചിട്ടുണ്ടെന്നും ഇതിനപ്പുറത്ത് എന്തു ചെയ്യാൻ പറ്റുമെന്നും സ്പീക്കർ ചോദിച്ചു. തുടർന്നും ബഹളം ശമിക്കാതെ വന്നതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കുകയും സഭ നിർത്തിവയ്ക്കുകയുമായിരുന്നു.