പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Wednesday, October 8, 2025 1:54 AM IST
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ അടക്കമുള്ളവർക്ക് പോലീസ് ലാത്തിച്ചാർജിൽ പരിക്ക്.
പോലീസ് ബാരിക്കേഡ് മറികടന്നു പ്രവർത്തകർ ദേവസ്വം ഓഫീസ് വളപ്പിലേക്കു ചാടിക്കയറി തേങ്ങ ഉടച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ ഇത് സ്വർണമല്ല, ദയവായി കക്കരുത് എന്നെഴുതി സ്വർണപ്പാളിയുടെ പ്രതീകാത്മക ബോർഡുമായി നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് സന്ദീപ് വാര്യർ ഉദ്ഘാടനപ്രസംഗം നടത്തി. പിന്നീടാണ് ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ടു നീങ്ങിയതാണ് സംഘർഷത്തിലേക്കു നയിച്ചത്.
പോലീസ് വാഹനങ്ങൾക്കും ദേവസ്വം ബോർഡ് ഓഫീസിനുമടക്കം കേടുപാടുകൾ വരുത്തിയെന്നു കാട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ സന്ദീപ് വാര്യർ അടക്കം 17 പേരെ കോടതി പിന്നീട് റിമാൻഡ് ചെയ്തു.