വയനാട് ദുരന്തം: കടത്തിൽ കനിവു തേടി ദുരിതബാധിതരായ സ്ത്രീകള്‍ കോടതിയില്‍
Wednesday, October 8, 2025 1:54 AM IST
കൊച്ചി: പ്രകൃതിദുരന്തത്തില്‍ തൊഴിലും ഭൂമിയും നഷ്ടമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തങ്ങളുടെ ബാങ്ക്വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവുമായി വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരായ സ്ത്രീകള്‍.
തൊഴില്‍ നഷ്ടമായതോടെ സാമ്പത്തികമായി തകര്ന്നുനില്ക്കുന്നതിനിടെ വായ്പാകുടിശിക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളില്‍നിന്നു നോട്ടീസ് ലഭിച്ചുതുടങ്ങിയതായും വായ്പ അടയ്ക്കാന്‍ തങ്ങള്‍ക്കു മുന്നില്‍ ഒരു മാര്‍ഗവുമില്ലെന്നും ദുരിതബാധിതരായ സ്ത്രീകളുടെ കൂട്ടായ്മ വിമന്‍ ഫോര്‍ ലോണ്‍ റിലീഫ് പ്രതിനിധികളായ എസ്. സബിത, മിനിമോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായും ഇരുവരും പറഞ്ഞു.
ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച മേപ്പാടി പഞ്ചായത്ത് 10, 11, 12 വാര്‍ഡുകളിലെ 64 അയല്‍ക്കൂട്ടങ്ങളില്‍നിന്നായി എഴുനൂറോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. 280 സ്ത്രീകളെ നേരിട്ടും ബാക്കിയുള്ളവരെ പരോക്ഷമായും ദുരന്തം ബാധിച്ചിരുന്നു. 47 സ്ത്രീകള്‍ക്കു ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടു. ഇവരുടെ ലോണ്‍ ബാധ്യത അടച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്വംകൂടി മറ്റുള്ളവരുടെ ചുമലില്‍ ബാങ്ക് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
കൃഷി, ചെറിയ വ്യാപാരങ്ങള്‍, കന്നുകാലി വളര്‍ത്തല്‍, കരകൗശല വസ്തുക്കളുടെ നിര്‍മാണവും വിപണനവും, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ നടത്തുന്ന ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ എന്നിവ വഴി വരുമാനം കണ്ടെത്തിയിരുന്നവരാണ് ഇവര്‍. ദുരന്തം നാശം വിതച്ചതോടെ തൊഴിലുകള്‍ നഷ്ടമായി. ഇപ്പോള്‍ ദൈനംദിനാവശ്യത്തിനുള്ള പണം പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബാങ്കുകളിൽനിന്നു സമ്മര്‍ദം നേരിടുന്നതെന്നും ഇവര്‍ പറഞ്ഞു.
ഭവന, വിദ്യാഭ്യാസ വായ്പകളും വ്യക്തിഗത വായ്പകളുമായി 4.10 കോടി രൂപയുടെ ലിങ്കേജ് ലോണ്‍ എല്ലാവര്‍ക്കുമായി നിലവിലുണ്ട്. കൂടാതെ അയല്‍ക്കൂട്ടങ്ങളുടെ സമ്പാദ്യത്തില്‍നിന്നും 1.44 കോടി രൂപയുടെ വായ്പ കളും നിലനില്‍ക്കുന്നുണ്ട്.
ലിങ്കേജ് ലോണിന്റെ 50 ശതമാനവും തിരിച്ചടച്ചെങ്കിലും സമ്പാദ്യത്തില്‍നിന്നുള്ള വായ്പയുടെ 95 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ പ്രതിസന്ധി ധരിപ്പിച്ചപ്പോള്‍ ഒരു വര്‍ഷത്തെ പലിശ സഹിതം മോറട്ടോറിയം മാത്രമാണ് അനുവദിച്ചത്. കോടതിയിലാണ് ഇനി പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.