ഭിന്നശേഷി അധ്യാപക നിയമനം ; മാനേജ്മെന്റുകളെ പഴിക്കുന്നത് ശരിയല്ല: പി.ജെ. ജോസഫ്
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ കഴിയാത്തതില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
നിയമനത്തിനായി ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് നല്‍കേണ്ടത് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്. ലിസ്റ്റ് നല്കാന് തയാറാകാത്ത സര്‍ക്കാര്‍ മാനേജ്മെന്റുകളെ പഴിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയ്ഡഡ് സ്കൂളുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു നിയമനാംഗീകാരം നല്കാന് തയാറാകണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനപ്രശ്നം സബ്മിഷനായി ആദ്യം കൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നോട്ടീസ് നല്കിയതു പ്രകാരമാണ്. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ വിശദമായ ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കിയപ്പോള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റു മന്ത്രിമാരും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്.
അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുകയാണെന്നു പരിപാടിയില്‍ പങ്കെടുത്ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അധ്യാപക നിയമന വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സമനില തെറ്റിയ ആളെപ്പോലെയാണു സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്കു നിയമനാംഗീകാരം നല്കുന്ന വിഷയം നിസഭയില് മോന്‍സ് ജോസഫ് എംഎല്‍എ ഉന്നയിച്ചപ്പോള്‍ പേടിപ്പിക്കാന്‍ വരരുതെന്നാണ് മന്ത്രി പറഞ്ഞത്.
സുപ്രീംകോടതി ഉള്‍പ്പെടെ പറഞ്ഞിട്ടും നിയമനാംഗീകാരം നല്‍കില്ല എന്നു പറയുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. അധ്യാപകര്‍ക്കു നിയമനാംഗീകാരം ലഭിക്കും വരെ സമരം തുടരും. ഇക്കാര്യത്തില്‍ പ്രതിപക്ഷം മാനേജ്മെന്റുകള്‍ക്കും അധ്യാപകര്‍ക്കും ഒപ്പമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ എയ്ഡഡ് അധ്യാപകനിയമന പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള അവകാശപത്രിക ധര്‍ണ സമരത്തില്‍ അവതരിപ്പിച്ചു.
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിച്ച കൂട്ടധര്‍ണയില്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാര്‍ട്ടി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, വൈസ് ചെയര്മാന്മാരായ കൊട്ടാരക്കര പൊന്നച്ചന്, ജോസഫ് എം. പുതുശേരി, എം.പി. പോളി, എം.പി. ജോസഫ്, കെ.എഫ്. വര്‍ഗീസ്, പ്രഫ. ഗ്രേസമ്മ മാത്യു, സി. മോഹനന്‍പിള്ള, എ.കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.