ആത്മഹത്യാ നിരക്ക് ; രാജ്യത്ത് കൊല്ലം നഗരം ഒന്നാമത്
Wednesday, October 8, 2025 1:54 AM IST
കൊല്ലം: രാജ്യത്തെ ആത്മഹത്യാ നിരക്കിൽ കൊല്ലം നഗരം ഒന്നാമത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തിറക്കിയ ‘അപകടമരണങ്ങളും ആത്മഹത്യകളും 2023’ റിപ്പോർട്ട് പ്രകാരം കൊല്ലം വീണ്ടും ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്ക് രേഖപ്പെടുത്തിയ നഗരമായി. ഒരു ലക്ഷം പേരിൽ 48.6 എന്ന ഉയർന്ന നിരക്കാണ് 2023ൽ കൊല്ലത്ത് രേഖപ്പെടുത്തിയത്.
ഒരു വർഷത്തെ ആകെ ആത്മഹത്യകളും പ്രദേശത്തെ ജനസംഖ്യയും (2011 ലെ സെൻസസ് പ്രകാരം) ഉപയോഗിച്ചാണ് നിരക്കിന്റെ ഡേറ്റ തയാറാക്കുന്നത്.
ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ കൊല്ലത്തിനു പിന്നിൽ വിജയവാഡ (38.7), രാജ്കോട്ട് (38.6), ഇൻഡോർ (33.1) എന്നിവയാണുള്ളത്. 2022ൽ വിജയവാഡയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന കൊല്ലം, 2021ൽ 43.9 എന്ന നിരക്കുമായി രാജ്യത്ത് ഒന്നാമതായിരുന്നു.
കേരളത്തിലെ നഗരങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആത്മഹത്യാ നിരക്കിൽ മറ്റ് നഗരങ്ങൾ കൊല്ലത്തേക്കാൾ വളരെ പിന്നിലാണ്. 2023ലെ കണക്കുകൾ പ്രകാരം, തൃശൂർ: 27, കണ്ണൂർ: 25.3, തിരുവനന്തപുരം: 24.3, കോഴിക്കോട്: 17.3, കൊച്ചി: 15.9, മലപ്പുറം: 8.4 എന്നിങ്ങനെയാണ്.
2023ൽ കൊല്ലത്ത് 539 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. തൃശൂർ (501), കണ്ണൂർ (416), തിരുവനന്തപുരം (410), കോഴിക്കോട് (351), കൊച്ചി (337), മലപ്പുറം (142) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കണക്കുകൾ. ബംഗളൂരു (2,370), ചെന്നൈ (1,529) തുടങ്ങിയ ഉയർന്ന ജനസംഖ്യയുള്ള നഗരങ്ങളിലും ആത്മഹത്യാ കേസുകൾ കൂടുതലാണ്.
രാജ്യത്ത് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളിൽ സിക്കിമിനു (40.2) പിന്നിൽ കേരളം രണ്ടാമതാണ് (30.6). കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിലും വർധനയുണ്ടായി. 2022ൽ 10,162 ആയിരുന്നത് 2023ൽ 10,972 ആയി ഉയർന്നു.