ഗംഭീര തന്ത്രം..!
Wednesday, October 8, 2025 12:26 AM IST
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെ ലൈംലൈറ്റിൽനിന്ന് പതിയെ മായ്ച്ചു കളയുന്ന ഗംഭീര തന്ത്രമാണ് നിലവിൽ ബിസിസിഐ നടത്തുന്നതെന്ന ആരോപണവുമായി ആരാധകർ. രോഹിത്തിന്റെയും കോഹ്ലിയുടെയും ആരാധകർ സംയുക്തമായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്.
ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും കോച്ച് ഗൗതം ഗംഭീറും അടുത്ത ജനറേഷൻ ഇന്ത്യൻ ടീമിനെ വാർത്തെടുക്കുകയാണെന്നതാണ് മറുവാദം. അതിന്റെ ഭാഗമായാണ് യുവതാരം ശുഭ്മാൻ ഗില്ലിനെ ആദ്യം ടെസ്റ്റിലും പിന്നാലെ ഈ മാസം 19ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന പരന്പരയിലും ക്യാപ്റ്റനാക്കിയത്.
ഏകദിന ക്രിക്കറ്റിൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻമാരിൽ മുന്നിൽ നിൽക്കുന്ന രോഹിത് ശർമയെ ഒഴിവാക്കിയായിരുന്നു ഈ തീരുമാനം. ഇതോടെ ആരാധകർക്കൊപ്പം ചില മുൻ താരങ്ങളും ഗംഭീർ-അഗാർക്കർ കൂട്ടുകെട്ടിനെതിരേ രംഗത്ത് എത്തി. സ്പിന്നർ ആർ. അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിലും ഗംഭീർ-അഗാർക്കർ തന്ത്രം കാരണമായെന്നു വിലയിരുത്തലുണ്ട്.
യുവനിര ടീം ലക്ഷ്യം!
2027 ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ടീമിനെ ഒരുക്കാനുള്ള ശ്രമത്തിൽ സീനിയർ താരങ്ങളെ സൈഡിലൊതുക്കി മാറ്റുകയാണ് അഗാർക്കർ- ഗംഭീർ തന്ത്രം. ഇതിനായി രോഹിത് ശർമ- വിരാട് കോഹ്ലി സഖ്യം ടീമിന്റെ അവിഭാജ്യഘടകമല്ലെന്ന് ബോധ്യപ്പെടുത്തി പുറംതള്ളാനുള്ള മാർഗമാണ് സ്വീകരിക്കുന്നത്.
ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതോടെ ഓസീസിനെതിരേയുള്ള ഏകദിനത്തിൽകൂടി മികച്ച പ്രകടനമുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് ഇരുവരും. അങ്ങനെ സംഭവിച്ചാൽ പുതിയ ജനറേഷനെ വാർത്തെടുക്കാനുള്ള ശ്രമത്തിൽ ഒരു യുഗത്തിന് അന്ത്യം കുറിക്കപ്പെടും.
ടെസ്റ്റിൽനിന്നും, കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ജയത്തോടെ ട്വന്റി-20ൽനിന്നും വിരമിച്ച രോ-കോ സഖ്യം നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇരുവരെയും പുറത്തിരിത്തുക അസാധ്യമെന്ന ബോധ്യത്തിലാണ് സൈഡിലൊതുക്കി സ്വയം വിരമിപ്പിക്കലെന്ന ഗംഭീര തന്ത്രം നടപ്പാക്കുന്നത്.
ഇടവേളയ്ക്കു ശേഷം
2025ലെ ചാന്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ആദ്യ ഏകദിന മത്സരമാണ് രോ-കോ സഖ്യം കളിക്കുന്നത്. നിരാശാജനകമായ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഈ വർഷം ആദ്യം ഇരുവരും ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്ക് മുന്പ് അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയുടെ മധ്യത്തിൽ രവിചന്ദ്രൻ അശ്വിനും വിരമിച്ചു. തന്റെ ആശയങ്ങൾ ചോദ്യം ചെയ്യുന്ന സീനിയർ താരങ്ങളെ ഗംഭീർ വിരമിക്കാൻ നിർബന്ധിച്ചിരുന്നതായും ഇതാണ് അശ്വിന്റെ വിരമിക്കലിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.
രോ- കോ യുഗാന്ത്യം!
ഇന്ത്യൻ ക്രിക്കറ്റിലെ മഹത്തായ ഒരു യുഗത്തിന്റെ അന്ത്യം ഉടനെന്നാണ് വിലയിരുത്തൽ. ബാറ്റിംഗ് ഇതിഹാസങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഉടൻ തന്നെ മുൻ താരങ്ങൾ എന്ന പട്ടം സ്വീകരിക്കുമെന്നാണ് സൂചന.
19ന് ഓസ്ട്രേലിയയ്ക്കെതിരേ ആരംഭിക്കുന്ന ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പദ്ധതിയിൽ കോഹ്ലിയോ രോഹിതോ ഇല്ലെന്ന സൂചന ശനിയാഴ്ച അഗാർക്കർ നൽകിയിരുന്നു.