1975 ലോകകപ്പ് ജേതാവായ ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു
Wednesday, October 8, 2025 12:25 AM IST
വല്സൈന് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ): ക്രിക്കറ്റ് ലോകം കണ്ട ‘യഥാര്‍ഥ’ ഓള് റൗണ്ടര്‍ എന്ന വിശേഷണം സ്വന്തമാക്കിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ബെര്‍ണാഡ് ജൂലിയന്‍ (75) അന്തരിച്ചു. 1975ല്‍ നടന്ന പ്രഥമ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായപ്പോള്‍ ടീമിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു.
അസ്വാഭാവികമായ റണ്ണപ്പിലൂടെ ഇടംകൈ സീം ബൗളിംഗില്‍ തരംഗമായ ബെര്‍ണാഡ് ജൂലിയന്‍, ഓര്‍ത്തഡോക്സ് ലെഫ്റ്റ് ആം ഫിംഗര്‍ സ്പിന്‍, ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നുകളുമായും എതിര് ബാറ്റര്‍മാരെ കുഴക്കിയിരുന്നു. സ്പിന്നിന്റെ രണ്ട് വേരിയേഷനൊപ്പം പേസും എറിഞ്ഞ ഇടംകൈ ബൗളര്‍ എന്നതിനാലാണ് യഥാര്‍ഥ ഓള് റൗണ്ടര്‍ എന്ന വിശേഷണം ബെര്‍ണാഡ് ജൂലിയനു ലഭിച്ചത്.
ബൗളിംഗില്‍ മാത്രമല്ല, ബാറ്റിംഗിലും ബെര്‍ണാഡ് ജൂലിയന്‍ തന്റേതായ സാന്നിധ്യം അറിയിച്ചിരുന്നു. സ്ട്രൈക്ക് പ്ലേ ബാറ്റിംഗായിരുന്നു ബെര്‍ണാഡിന്റെ പ്രത്യേകതകളില്‍ ഒന്ന്. മികച്ച ഫീല്‍ഡറുമായിരുന്നു. 1973ല്‍ ലോഡ്സില്വച്ചായിരുന്നു ടെസ്റ്റില്‍ ബെര്‍ണാഡിന്റെ കന്നി സെഞ്ചുറി.
24 ടെസ്റ്റില്‍ വിന്‍ഡീസിനായി കളിച്ചു. 34 ഇന്നിംഗില്നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 866 റണ്‍സ് നേടി. ടെസ്റ്റില്‍ 50 വിക്കറ്റും ബെർണാഡ് സ്വന്തമാക്കിയിരുന്നു.
5/57 ആയിരുന്നു മികച്ച ബൗളിംഗ്. 12 ഏകദിനങ്ങളില്‍ ഇറങ്ങി. 18 വിക്കറ്റും 86 റണ്‍സും നേടി. 1975 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് എതിരേ എട്ടാമനായി ഇറങ്ങി 37 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നതാണ് ഉയര്‍ന്ന സ്കോര്‍.
1975 ലോകകപ്പില്‍ 10 വിക്കറ്റ്
ഫൈനലില്‍ ഓസ്ട്രേലിയയെ 17 റണ്‍സിനു കീഴടക്കി വെസ്റ്റ് ഇന്‍ഡീസ് 1975 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍, ടൂര്‍ണമെന്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായിരുന്നു ബെര്‍ണാഡ് ജൂലിയന്‍. അഞ്ച് ഇന്നിംഗ്സില്‍നിന്ന് 17.70 ശരാശരിയില്‍ 10 വിക്കറ്റ് ബെര്‍ണാഡ് സ്വന്തമാക്കി.
ഓസ്ട്രേലിയയുടെ ഗാരി ഗില്‍മോര്‍ (11 വിക്കറ്റ്) മാത്രമായിരുന്നു വിക്കറ്റ് വേട്ടയില്‍ ബെര്‍ണാഡിനു മുന്നിലുണ്ടായിരുന്നത്. വിന്‍ഡീസിന്റെ കീത്ത് ബോയ്സും 10 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ 20 റണ്‍സിന് നാലും സെമിയില്‍ ന്യൂസിലന്‍ഡിന് എതിരേ 27 റണ്‍സിന് നാലു വിക്കറ്റും വീഴ്ത്തി. പ്രഥമ ഐസിസി ലോകകപ്പിന്റെ 50-ാം വാര്‍ഷികത്തില്‍ ബെര്‍ണാഡ് ജൂലിയന്‍ ഓര്‍മയായി.
കൗണ്ടി ക്രിക്കറ്റില്‍ കെന്റിനായി 1970-77 കാലഘട്ടത്തില്‍ കളിച്ചു. 336 വിക്കറ്റ് സ്വന്തമാക്കി. 3296 റണ്‍സ് നേടി. 1982-83ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ റിബല്‍ ടീമില്‍ ഉള്‍പ്പെട്ടതോടെ രാജ്യാന്തര കരിയറിനു തിരശീല വീണു. വര്‍ണവിവേചനത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് വിലക്ക് നേരിട്ട കാലത്തായിരുന്നു റിബൽ വിന്‍ഡീസ് ടീമിനൊപ്പം ബെര്‍ണാഡ് പര്യടനം നടത്തിയത്.