സത്യസന്ധമായ അന്വേഷണം വേണമെന്ന് ജി. സുകുമാരന്‍ നായര്‍
Wednesday, October 8, 2025 1:54 AM IST
ചങ്ങനാശേരി: ശബരിമല സ്വര്‍ണപ്പാളി സംബന്ധിച്ച വിഷയത്തില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
സര്‍ക്കാരിന്റെ അധീനതയില്‍തന്നെ വിവിധ അന്വേഷണ ഏജന്‍സികളും ഉണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അന്വേഷണത്തിനാവശ്യമായ സാവകാശം നല്‍കണം. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതുണ്ടാവുമെന്നുതന്നെയാണു വിശ്വാസം.
അന്വേഷണത്തില്‍ സര്‍ക്കാരിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടാകുകയോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടാകുകയോ ചെയ്താല്‍ എന്‍എസ്എസ് പ്രതികരിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം നടത്തുന്നതിനിടെ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതിനു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും ജി. സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.