ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: ശബരിമലയിൽനിന്നു സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം വിശദീകരിക്കാൻ ചേർന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വർണമോഷണം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണം.
ശബരിമലയിലെ സ്വർണമോഷണം ക്ഷേത്രവിശ്വാസത്തെയും ആചാരത്തെയും ബാധിക്കുന്ന പ്രശ്നംകൂടിയാണ്. ഈ വിഷയത്തെ കോണ്‍ഗ്രസ് അതീവ ഗൗരവമായി കാണുന്നതിനാൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല വിഷയത്തിൽ ഈ മാസം ഒൻപതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തുന്ന പ്രതിഷേധസംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
അന്നു വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധജ്യോതി തെളിച്ച് പ്രകടനം നടത്തും. തുടർന്ന് ഈ മാസം 14ന് നാലു കേന്ദ്രങ്ങളിൽനിന്ന് കോണ്‍ഗ്രസ് നേതാക്കൾ നയിക്കുന്ന ജാഥകൾ ആരംഭിക്കും.
ജാഥകൾ 18ന് പന്തളത്ത് സമാപിക്കും. കാസർഗോട്ടുനിന്നു മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും പാലക്കാട്ടുനിന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയും തിരുവനന്തപുരത്തുനിന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപിയും മൂവാറ്റുപുഴയിൽനിന്ന് ബെന്നി ബഹനാൻ എംപിയും ജാഥകൾക്ക് നേതൃത്വം നൽകും.