മികച്ച പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും കർഷകർക്കും കേരള ബാങ്ക് അവാർഡ് നൽകി
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും, അർബൻ ബാങ്കുകൾക്കും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. കൂടാതെ കേരള ബാങ്കിന്റെ മികച്ച റീജണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ, ശാഖകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മിനിസ്റ്റേഴ്സ് ട്രോഫിയും നൽകി.
കേരള ബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ബാങ്ക് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി. എം. ചാക്കോ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്കിനെയാണ് സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച സംഘമായി തെരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയും ഫലകവുമാണ് ഒന്നാം സ്ഥാനത്തിന് ലഭിക്കുന്നത്.
രണ്ടാം സ്ഥാനമായ 75,001/- രൂപയും ഫലകവും ലഭിച്ചത് കണ്ണൂർ, കതിരൂർ സർവീസ് സഹകരണ ബാങ്കിനാണ്. മൂന്നാം സ്ഥാനത്തിന് അർഹത നേടിയത് കോഴിക്കോട് ബേപ്പൂർ സർവീസ് സഹകരണ ബാങ്കാണ് (50,001/- രൂപയും ഫലകവും).