മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം; ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് നോട്ടീസ് നല്കാന് ഉത്തരവ്
Wednesday, October 8, 2025 1:54 AM IST
കൊച്ചി: മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ എതിര്‍കക്ഷിയായ ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് നേരിട്ടു നോട്ടീസ് നല്കാന് ഹൈക്കോടതി ഉത്തരവ്.
മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ടാം എതിർകക്ഷിയായ ബോര്‍ഡിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവായെങ്കിലും രണ്ടുതവണ നോട്ടീസയച്ചിട്ടും ലഭിച്ചതായി അറിയിപ്പ് കിട്ടിയില്ലെന്നു ഹർജിക്കാരന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷന്‍സ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന് ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള കേസിലാണ് ഹര്ജിക്കാരന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഹര്‍ജി വീണ്ടും 28ന് പരിഗണിക്കാന്‍ മാറ്റി.