അയ്യപ്പസംഗമത്തിനു പിന്നാലെ മതമൈത്രീ സംഗമം നടത്താൻ സർക്കാർ
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: അയ്യപ്പസംഗമത്തിനു പിന്നാലെ മതമൈത്രീ സംഗമം നടത്താൻ സർക്കാർ ആലോചന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്നു മേഖലകളായി മതമൈത്രീ സംഗമം നടത്താനാണ് ആലോചന.
തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്പ് ഇതു സംബന്ധിച്ച ഒരുക്കം പൂർത്തിയാക്കി ഉത്തരവിറക്കാൻ സാംസ്കാരിക വകുപ്പ് ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി.
സാംസ്കാരിക വകുപ്പാകും മതമൈത്രീ സംഗമത്തിനുള്ള ക്രമീകരണങ്ങളൊരുക്കുക. ഓരോ മേഖലാ സമ്മേളനത്തിലും അതതു ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മത-സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിക്കും.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മതമേലധ്യക്ഷന്മാരുമായി രമ്യതയിലെത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പരിപാടി. പ്രാരംഭ ചെലവുകൾക്കായി രണ്ടു കോടി രൂപ അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്. വൈകാതെ ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയേക്കും