നിക്ഷേപത്തുക ലഭിക്കാത്തതിൽ പ്രതിഷേധം; കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ
കൗണ്ടറിൽ പെട്രോളൊഴിച്ചു
Wednesday, October 8, 2025 1:54 AM IST
ഇരിങ്ങാലക്കുട: പണം തിരികെക്കിട്ടാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകൻ കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശേരി ബ്രാഞ്ചിലെ കൗണ്ടറിലേക്കു പെട്രോളൊഴിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. നിക്ഷേപകനായ പൊറത്തിശേരി സ്വദേശി കൂത്തുപാലക്കല്‍ വീട്ടില്‍ സുരേഷ് (72) ആണ് പെട്രോളൊഴിച്ചു പ്രതിഷേധിച്ചത്.
നിക്ഷേപത്തുക തിരികെ നൽകണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നു സുരേഷ് പറയുന്നു. ഇതിനായി പലതവണ ബാങ്കിലേക്കു വിളിച്ചുവരുത്തിയെങ്കിലും ഹെഡ് ഓഫീസിൽനിന്ന് അപേക്ഷ പാസായില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നെന്നും സുരേഷ് പറഞ്ഞു.
കഴിഞ്ഞ മാസം 19നു നിക്ഷേപത്തുക ആവശ്യപ്പെട്ട് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍നിന്നു തുക പാസായി വന്നിട്ടില്ലെന്നു ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പെട്രോളുമായി സുരേഷ് ബാങ്കില്‍ എത്തിയതും കൗണ്ടറിലേക്ക് പെട്രോളൊഴിച്ചതും. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
അതേസമയം, സുരേഷിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് 82,500 രൂപ തിരികെനൽകിയിട്ടുണ്ടെന്നും 8,698 രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും ബാങ്ക് അധികൃതർ പറയുന്നു.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ആര്.എല്‍. ശ്രീലാല്‍ പറഞ്ഞു.