ദ്വാരപാലക ശില്പം ഏതു കോടീശ്വരന്റെ വീട്ടിലാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമല ധർമശാസ്താവിന്റെ ദ്വാരപാലക ശില്പം ഏത് കോടീശ്വരന്റെ വീട്ടിലേക്കാണു വിറ്റിരിക്കുന്നതെന്നാണ് സിപിഎമ്മിനോടും സർക്കാരിനോടും ചോദിക്കാനുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോടികൾ മറിയുന്ന കച്ചവടമാണിത്. ശബരിമലയിലെ പവിത്രമായ ദ്വാരപാലക ശില്പം വിറ്റെന്നാണ് കോടതിയുടെ കണ്ടെത്തൽ. അപ്പോൾ എത്ര വലിയ കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്? ഗുരുതരമായ കളവും വിൽപനയുമാണ് ശബരിമലയിൽ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്നു നിയമസഭയിൽനിന്നു പുറത്തു വന്ന വി.ഡി. സതീശൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് പരിപാവനമായ ശബരിമലയെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെ കൂടിയാണ് വഞ്ചിച്ചതെന്നാണ് കോടതി വിമർശനം. ചെന്നൈയിൽ എത്തിച്ചത് ചെന്പ് മാത്രമുള്ള മറ്റൊരു ദ്വാരപാലക ശില്പമായിരുന്നു. തിരിച്ച് കൊണ്ടുവന്ന് സ്ഥാപിച്ചപ്പോൾ ഭാരത്തിലുണ്ടായ കുറവ് ദേവസ്വം ബോർഡ് കണ്ടില്ലെന്നു നടിച്ചതാണെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലും ഉത്തരവിലുണ്ട്.
ഒർജിനൽ സ്വർണം മൂടിയ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വിൽപന നടത്തി. യഥാർഥ ദ്വാരപാലക ശില്പം ശബരിമലയിൽ നിന്നും എടുത്ത് ഉയർന്ന വിലയ്ക്ക് വിറ്റ് പകരമായി ചെന്പ് മോൾഡ് മാത്രമാണ് ചെന്നൈയിൽ കൊണ്ടു പോയതെന്ന ഗുരുതര കണ്ടെത്തലാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്.
ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾ വാങ്ങി വിറ്റഴിച്ചെന്ന ഗുരുതര കണ്ടെത്തലിൽ ശക്തമായ പ്രക്ഷോഭം സഭയ്ക്കകത്തും പുറത്തും തുടരുമെന്നും അദ്ദേഹം പറഞ്ഞു.