സഭയ്ക്കുള്ളിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി മോഷണവുമായി നിയമസഭയ്ക്കുള്ളിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷം ഇന്നലെ ഇംഗ്ലീഷിലും ഹിന്ദിയിലും മുദ്രാവാക്യം മുഴക്കി.
“ചോർ ഹേ, ചോർ ഹേ, എൽഡിഎഫ് ചോർ ഹേ ’’ (എൽഡിഎഫ് സർക്കാർ കള്ളന്മാർ) എന്നായിരുന്നു ഹിന്ദിയിലെ മുദ്രാവാക്യം. “ഗോ ബാക്ക്, ഗോ ബാക്ക്, എൽഡിഎഫ് ഗോ ബാക്ക് ’’ എന്നായിരുന്നു ഇംഗ്ലീഷിലെ മുദ്രാവാക്യം.
ടി. സിദ്ദിഖും അൻവർ സാദത്തുമായിരുന്നു ഈ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചുകൊടുത്തത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ഇത് ഏറ്റുവിളിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും സഭാനടപടികൾ തുടർന്ന സ്പീക്കർക്കെതിരേയും മുദ്രാവാക്യമുണ്ടായി. “സ്വർണം കട്ട വകുപ്പേതാ, പറയൂ പറയൂ സ്പീക്കറേ, പ്രതിഷേധങ്ങൾ കാണുന്നില്ലേ ’’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ചത് ഡൽഹിയിലെ എഐസിസി നേതൃത്വത്തിന് മനസിലാകാനാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിപക്ഷത്തെ പരിഹസിച്ചു.
ഇതിന്റെ വീഡിയോ എടുത്ത് ഡൽഹിയിലുള്ളവർക്ക് കൊടുക്കാം, കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇതു ചെലവാകില്ല. ദേവസ്വംബോർഡിനു മുന്നിൽ മൂന്നു സ്ഥലത്ത് ആർഎസ്എസിന്റെ സമരത്തിലും ഹിന്ദിയിലെ മുദ്രാവാക്യമാണ് വിളിക്കുന്നത്.
ഒരേ ആൾ എഴുതിക്കൊടുത്തതാണോ എന്നറിയില്ല. വയനാട്ടിലെ പുനരധിവാസത്തിന് സഹായം നൽകാത്ത പ്രധാനമന്ത്രി മോദിക്കെതിരേയാണ് ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കേണ്ടത്. അതിനുള്ള മുദ്രാവാക്യവും മന്ത്രി പറഞ്ഞുകൊടുത്തു- “കം ഹേ, കം ഹേ, എൻഡിആർഎംഎഫ് കം ഹേ’’. പ്രതിപക്ഷത്തിന് അത് പറയാൻ പറ്റില്ല. എന്നിട്ടു ഞങ്ങളുടെ നേർക്ക് മുദ്രാവാക്യം വിളിച്ചിട്ടു കാര്യമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സഭ ഉപയോഗിച്ചേനേ.
പ്രതിപക്ഷം ചർച്ചകൾ ഇഷ്ടപ്പെടുന്നില്ല. മൂക്ക് മുറിച്ച് ശകുനം മുടക്കുന്നവരാണ് പ്രതിപക്ഷം. നിയമനിർമാണം തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇത് കമ്മീഷൻ വാങ്ങുന്ന സർക്കാരല്ല, ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ്.
ബിജെപിയും കോണ്ഗ്രസും ചേർന്ന് നടത്താൻ ഉദ്ദേശിക്കുന്ന കാര്യം കേരളത്തിൽ നടക്കില്ലെന്നും ബാലഗോപാൽ പറഞ്ഞു. ഇതോടെ ബാലഗോപാലിന് നേർക്കു തിരിഞ്ഞ് പ്രതിപക്ഷം ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.