നികുതിവെട്ടിപ്പ്: അദാനി ഡിഫൻസിനെതിരേ അന്വേഷണം
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: മിസൈൽ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്പോഴുള്ള നികുതിയിൽ വെട്ടിപ്പ് നടത്തിയതിന് അദാനി എന്റർപ്രൈസസിന്റെ പ്രതിരോധ യൂണിറ്റിനെതിരേ അന്വേഷണം.
ഏകദേശം 80 കോടി രൂപയോടടുത്തുള്ള നികുതിവെട്ടിപ്പിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) മാർച്ചിൽ അന്വേഷണം ആരംഭിച്ചെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ശതകോടീശ്വരനായ ഗൗതം അദാനിയുടെ അനേക വ്യാപാര സംരംഭങ്ങളിലൊന്നായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെതിരേയാണ് അന്വേഷണം. മിസൈൽ നിർമിക്കാനുള്ള ചില ഘടകങ്ങൾ കസ്റ്റംസ് തീരുവയിൽനിന്നും നികുതിയിൽനിന്നും ഒഴിവാക്കപ്പെട്ടവയാണെന്ന് തെറ്റായി അവകാശപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
സൈന്യത്തിനായി ഡ്രോണുകളും മിസൈലുകളുമടങ്ങുന്ന പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന കന്പനി ഇറക്കുമതി തീരുവയിൽനിന്ന് ഒഴിവാക്കപ്പെട്ട ദീർഘദൂര മിസൈൽ സംവിധാനങ്ങളുടെ ഗണത്തിൽ ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ ഭാഗങ്ങളെ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. ഇതുവഴി 10 ശതമാനം ഇറക്കുമതിത്തീരുവയും ഹ്രസ്വദൂര മിസൈൽ ഭാഗങ്ങൾക്കായുള്ള 18 ശതമാനം തീരുവയും അദാനി ഡിഫൻസിന് വെട്ടിക്കാനായി.
സാധാരണ ഇത്തരം കേസുകളിൽ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നൂറ് ശതമാനം പിഴയോടെ വെട്ടിച്ച നികുതി അടയ്ക്കാൻ കുറ്റക്കാർ ബാധ്യസ്ഥരാണ്. ഇവിടെ അദാനി ഡിഫൻസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഏകദേശം 160 കോടി രൂപയ്ക്കടുത്ത് അടയ്ക്കേണ്ടതായി വരും.