കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം: സുപ്രീംകോടതി
Wednesday, October 8, 2025 1:54 AM IST
സനു സിറിയക്
ന്യൂഡൽഹി: റോഡിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ദേശീയ പാതാ അഥോറിറ്റിക്കും (എൻഎച്ച്എഐ) സുപ്രീംകോടതി നിർദേശം നല്കി.
ഇതിനായി മോട്ടോർ വാഹന നിയമത്തിലെ സെക്്ഷൻ 138 (1എ), 210ഡി എന്നീ വകുപ്പുകൾ പ്രകാരം ആറ് മാസത്തിനുള്ളിൽ നിയമനിർമാണം നടത്താൻ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
പൊതുനിരത്തുകളിലും ദേശീയപാതകളിലും കാൽനട യാത്രക്കാരുടെയും സൈക്കിൾ പോലുള്ള യാന്ത്രികമല്ലാത്ത വാഹനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന മോട്ടോർ വാഹന നിയമത്തിലെ വകുപ്പാണ് 138 (1എ).
നിയമത്തിലെ 210ഡി എന്ന വകുപ്പ് സുരക്ഷ മുൻനിർത്തി ദേശീയപാതകൾ ഒഴികെയുള്ള റോഡുകളുടെ നിർമാണം, രൂപകൽപന തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നു. ഈ വകുപ്പുകൾ പ്രകാരം നിയമനിർമാണം നടത്തി റോഡ് സുരക്ഷ ഉറപ്പ് വരുത്താനാണ് കോടതിയുടെ നിർദേശം.
ഇതോടൊപ്പം 50 നഗരങ്ങളിലെ തിരക്കേറിയ നടപ്പാതകളിൽ കാൽനടയാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് ഓഡിറ്റ് നടത്താൻ എൻഎച്ച്എഐയോട് കോടതി നിർദേശിച്ചു.
മാനദണ്ഡങ്ങൾ പാലിച്ചാണോ ഇവയുടെ നിർമാണമെന്നു പരിശോധിക്കാനും പോരായ്മകൾ കണ്ടെത്തി സമയബന്ധിത നടപടികൾ സ്വീകരിക്കാനും നിദേശമുണ്ട്. നടപ്പാതകളിലെ കൈയേറ്റങ്ങൾ തടയുന്നതിന് കൃത്യമായ നടപടി ആവശ്യമാണ്.
കാൽനട യാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാതകൾ, അണ്ടർ പാസുകൾ എന്നിവ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കണം.
ഇതിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് വെളിച്ചം, പോലീസ് കണ്ട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള സിസിടിവി കാമറകൾ, വ്യക്തമായി വേർതിരിച്ച എൻട്രി, എക്സിറ്റ് പോയിന്റുകൾ, പ്രാദേശിക പോലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന അപായ ബട്ടണുകൾ എന്നിവയുണ്ടാകണമെന്നും കരാർ അടിസ്ഥാനത്തിൽ അവ സുരക്ഷിതമായി സംരക്ഷിക്കണമെന്നും നിർദേശമുണ്ട്.