നിയമം പാപ്പരാക്കി ; ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഓണ്‍ലൈൻ ഗെയിമിംഗ് കന്പനികൾ
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: പണം നിക്ഷേപിച്ച് പണം സന്പാദിക്കാൻ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈൻ ഗെയിമുകളുടെ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ പാസാക്കിയ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ് ആക്ട്- 2025ന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഓണ്‍ലൈൻ ഗെയിമിംഗ് കന്പനികൾ സുപ്രീംകോടതിയിൽ.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ നിയമം തങ്ങളുടെ ബിസിനസ് പൂർണമായും അവസാനിപ്പിക്കുന്നതിലേക്കും ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിലേക്കും നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കന്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്.
നിലവിൽ ഓണ്‍ലൈൻ ഗെയിമിംഗുമായി ഡൽഹി, കർണാടക, മധ്യപ്രദേശ് തുടങ്ങി വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ കഴിഞ്ഞമാസം എട്ടിന് സുപ്രീംകോടതിയിലേക്ക് മാറ്റിയിരുന്നു.
45 കോടിയിലധികം ആളുകളെയാണ് ഓണ്‍ലൈൻ ഗെയിമുകൾ പ്രതികൂലമായി ബാധിച്ചത്. 20,000 കോടി രൂപയിലധികം നഷ്ട മുണ്ടായതായും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
നവംബർ നാലിന് വിഷയത്തിൽ വിശദമായ വാദം കേൾക്കുന്നതിന് ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ച് കേസ് മാറ്റി.
ഓണ്‍ലൈൻ ഗെയിമുകൾക്ക് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷത്തിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവച്ചിരിക്കുന്ന മറ്റൊരു കേസും കോടതിയുടെ പരിഗണനയിലുണ്ട്. ഇവ രണ്ടും കൂടിക്കുഴയ്ക്കരുതെന്ന ആവശ്യവും കേന്ദ്രം ഉന്നയിച്ചു.