മോഹൻലാലിന് ആദരവുമായി കരസേന
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: ദാദാ സാഹിബ് പുരസ്കാര ജേതാവ് മോഹൻലാലിനെ ആദരിച്ച് രാജ്യത്തിന്റെ കരുത്തായ കരസേന.
മികവും പ്രതിബദ്ധതയുമുള്ള സൈനികരെ ആദരിക്കുന്നതിനുള്ള സിഒഎഎസ് കമന്‍ഡേഷന്‍ കാര്‍ഡ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഡൽഹിയിലെ സേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മോഹൻലാലിനു സമ്മാനിച്ചു.
പതിനാറ് വർഷമായി സൈന്യത്തിന്റെ ഭാഗമായതിനു ലഭിക്കുന്ന വലിയൊരു അംഗീകാരമാണിതെന്ന് ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലായ ലാൽ പ്രതികരിച്ചു.
ജനസംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന സൈന്യത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ തയാറാണെന്ന് ചടങ്ങിനുശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ടെറിട്ടോറിയൽ ആർമി ബെറ്റാലിൻ പ്രവർത്തനങ്ങള്‍ കൂടുതൽ മികവുറ്റതാക്കുന്നതുൾപ്പെടെ വിഷയങ്ങൾ കരസേനാ മേധാവിയുമായി ചർച്ചചെയ്തു. ഹ്രസ്വചർച്ചയായിരുന്നു.
വലിയ പദ്ധതികൾ ഒരുങ്ങുന്നുണ്ട്. സേനാ വിഭാഗങ്ങളെക്കുറിച്ച് പുതിയ സിനിമ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മേജർ രവിയുടെ സംവിധാനത്തിൽ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട കാര്യം മോഹൽലാൽ ഓർമിപ്പിച്ചു. പുതിയ സിനിമകൾ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞുനിർത്തി.