“കുറ്റബോധമില്ല, മാപ്പ് പറയില്ല’’; പ്രതി രാകേഷ് കിഷോർ
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: സനാതന ധർമത്തിന്റെ പേരിൽ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്ക് നേരേ അതിക്രമം നടത്തിയതിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് അഭിഭാഷകനായ പ്രതി രാകേഷ് കിഷോർ.
കോടതിക്ക് അകത്തുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തില്ല. ദൈവികപ്രേരണയിലാണ് ചെയ്തത്. എന്ത് പ്രത്യാഘാതവും നേരിടാൻ തയാറാണെന്നും പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ ഇന്നലെ മാർച്ച് നടത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സുപ്രീംകോടതിക്ക് മുന്നിലും പ്രതിഷേധം നടന്നു.
സംഭവം നടന്ന ദിവസംതന്നെ അഭിഭാഷകന്റെ ലൈസൻസ് ബാർ കൗണ്‍സിൽ റദ്ദാക്കിയിരുന്നു. 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടണ്ട്.
തിങ്കളാഴ്ച കോടതി നടപടിക്കിടയിലാണ് ചീഫ് ജസ്റ്റീസിനു നേരേ രാകേഷ് കിഷോർ തന്റെ കാലിൽ കിടന്ന ഷൂ എറിയാൻ ശ്രമിച്ചത്. വിഷയത്തിൽ നിയമനടപടികൾ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയതിനെത്തുടർന്ന് പ്രതിയെ വിട്ടയച്ചു.