മൂണി മിന്നി
Thursday, October 9, 2025 12:52 AM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ബേത് മൂണിക്ക് സെഞ്ചുറി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 114 പന്തില്‍ 109 റണ്‍സ് നേടിയ മൂണിയുടെ കരുത്തില്‍ ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി.
മൂണിക്കുശേഷം 10-ാം നമ്പറായി ക്രീസിലെത്തിയ അലാന കിംഗ് (51 നോട്ടൗട്ട്) മാത്രമാണ് ഓസീസ് ഇന്നിംഗ്സില്‍ ശോഭിച്ചത്. 21.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്നനിലയില്‍ തകര്‍ന്നശേഷമായിരുന്നു മൂണി-കിംഗ് കൂട്ടുകെട്ട് ഓസീസിനെ കരകയറ്റിയത്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 പന്തില്‍ 106 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനും കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിനു മുന്നില്‍ പാക്കിസ്ഥാന് ചീട്ടുകൊട്ടാരമായി. 12.4 ഓവറില്‍ 49 റണ്‍സിനിടെ ആറ് വിക്കറ്റ് പാക്കിസ്ഥാനു നഷ്ടപ്പെട്ടു.
ഒടുവിൽ 36.3 ഓവറിൽ 114 റൺസിന് പാക്കിസ്ഥാൻ പുറത്ത്. അതോടെ ഓസീസിന് 107 റൺസിന്റെ ആധികാരിക ജയം. ബേത് മൂണിയാണ് പ്ലെയർ ഓഫ് ദ മാച്ച്. അഞ്ച് പോയിന്റുമായി ഓസ്ട്രേലിയ ടേബിളിന്റെ തലപ്പത്ത് തിരിച്ചെത്തി.
ഇന്ത്യ x ദക്ഷിണാഫ്രിക്ക ഇന്ന്
ഇന്നു നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വിശാഖപട്ടണത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് നാലും ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടും പോയിന്റാണ്. തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. രണ്ടാം ജയം തേടിയാണ് പ്രോട്ടീസ് വനിതകള്‍ ഇറങ്ങുക.