ആസ്തി ബില്യണ്‍ ഡോളര്‍ കവിയുന്ന ആദ്യ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Thursday, October 9, 2025 12:52 AM IST
റിയാദ്: കളിക്കളത്തിനു പുറമേ, സാമ്പത്തികത്തിലും റിക്കാര്‍ഡ് നേട്ടം കുറിച്ച് പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടി പന്തുതട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആസ്തിയില്‍ ബില്യണ്‍ ഡോളര്‍ കടക്കുന്ന ലോകത്തിലെ ആദ്യ സജീവ ഫുട്ബോളര് എന്ന നേട്ടം സ്വന്തമാക്കി.
ബ്ലൂംബര്‍ഗ് പുറത്തുവിട്ട സാമ്പത്തിക സ്ഥിതിവിവര കണക്കിലാണ് ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ സജീവ ഫുട്ബോളര് എന്ന നേട്ടം സിആര്‍7നു ലഭിച്ചത്.
1.4 ബില്യണ്‍ ഡോളര്‍/12,424 കോടി!
ബ്ലൂംബര്‍ഗിന്റെ കണക്കനുസരിച്ച് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാമ്പത്തികശേഷി 1.4 ബില്യണ്‍ ഡോളറാണ്. ഏകദേശം 12,424 കോടി രൂപ. ഇതുവരെയുള്ള കരിയറില്‍ ലഭിച്ച പ്രതിഫലങ്ങള്‍, നടത്തിയ നിക്ഷേപം, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള കണക്കാണിത്.
ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്ക് അനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2002 മുതല്‍ 2023വരെയുള്ള കാലഘട്ടത്തില്‍ സാലറി ഇനത്തില്‍ മാത്രം 550 മില്യണ്‍ ഡോളര്‍ (4880 കോടി രൂപ) സ്വന്തമാക്കിയിട്ടുണ്ട്. ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന നൈക്കിയുടെ മാത്രം സ്പോണ്‍സര്‍ഷിപ്പിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഓരോ വര്‍ഷവും 18 മില്യണ്‍ ഡോളറാണ് വരുമാനം; ഏകദേശം 159.74 കോടി രൂപ.
യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ലോകം വിട്ട് സൗദി അറേബ്യയില്‍ എത്തിയതോടെയാണ് റൊണാള്‍ഡോയുടെ വരുമാനം റോക്കറ്റുപോലെ ഉയര്‍ന്നത്. 2023 ജനുവരിയില്‍ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത് ലോകത്തിലെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന താരം എന്ന റിക്കാര്‍ഡ് കുറിച്ചായിരുന്നു.
അല്‍ നസര്‍ എഫ്സിയില്‍ 177 മില്യണ്‍ ഡോളര്‍ (1570.70 കോടി രൂപ) ആണ് സിആര്‍7ന്റെ വാര്‍ഷിക പ്രതിഫലം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്. 2025 ജൂണില്‍ അല്‍ നസറുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി. 400 മില്യണ്‍ ഡോളറിനാണ് (3549.62 കോടി രൂപ) ഈ കരാര്‍ എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെസിയുടെ സ്ഥാനം
സജീവ ഫുട്ബോളര്മാരില് സാമ്പത്തികശേഷിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പിന്നില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയാണ്. സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡിനും എഫ്സി ബാഴ്സലോണയ്ക്കുമായി റൊണാള്‍ഡോയും മെസിയും പതിറ്റാണ്ടുകള്‍ നേര്‍ക്കുനേര്‍ പോരാടിയിരുന്നു. ബ്ലൂംബര്‍ഗിന്റെ കണക്ക് അനുസരിച്ച് നികുതി അടയ്ക്കാതെയുള്ള മെസിയുടെ കരിയര്‍ വരുമാനം 600 മില്യണ്‍ ഡോളറില്‍ (5324 കോടി രൂപ) അധികം വരും.
യൂറോപ്യന്‍ ക്ലബ് ലോകത്തില്നിന്നകന്ന മെസി, 2023 ജൂലൈ മുതല്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കുവേണ്ടിയാണ് കളിക്കുന്നത്. ഇന്റര്‍ മയാമിയില്‍ മെസിയുടെ വാര്‍ഷിക പ്രതിഫലം 177 കോടി രൂപയാണെന്നാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്. അല്‍ നസറില്‍ റൊണാള്‍ഡോക്കു ലഭിക്കുന്നതിന്റെ 10 ശതമാനം മാത്രമാണിത്. വിരമിക്കുമ്പോള്‍ ഇന്റര്‍ മയാമിയുടെ ഓഹരി മെസിക്കു ലഭിക്കുമെന്നതാണ് ഏക വ്യത്യാസം.
1000 ഗോള്‍ തികയ്ക്കാതെ വിരമിക്കില്ല: ക്രിസ്റ്റ്യാനോ
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; കരിയറില്‍ 1000 ഗോള്‍ തികയ്ക്കാതെ വിരമിക്കില്ലെന്ന് സൂപ്പര്‍ താരം പ്രഖ്യാപിച്ചു. ക്ലബ് കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍, രാജ്യാന്തര കരിയറില്‍ ഏറ്റവും കൂടുതല്‍ മത്സരവും ഗോളും, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ തുടങ്ങിയ ഫുട്ബോള്‍ ലോകത്തിലെ ഏറ്റവും നിര്‍ണായക റിക്കാര്‍ഡുകള്‍ എല്ലാം 40കാരനായ റൊണാള്‍ഡോയുടെ പേരിലാണ്. പ്രായം 40 കടന്നതോടെയാണ് റൊണാള്‍ഡോയുടെ വിരമിക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നത്. കരിയറില്‍ 946 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കി. 141 രാജ്യാന്തര ഗോള്‍ ഉള്‍പ്പെടെയാണിത്.
കുടുംബം പറയുന്നു; വിരമിക്കൂ
“ആളുകള്‍, പ്രത്യേകിച്ച് എന്റെ കുടുംബം ഇപ്പോള്‍ ചോദിക്കുന്നത് ഒരു കാര്യം മാത്രം. കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായി. നിങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞു. 1000 ഗോള്‍ തികയ്ക്കേണ്ട ആവശ്യമെന്ത്...? എന്നാല്‍, ഞാന്‍ പറയുന്നത് എനിക്ക് അങ്ങനെ തോന്നുന്നില്ല എന്നാണ്. കാരണം, ഞാന്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഇപ്പോഴും ഗോള്‍ നേടി സഹായിക്കുന്നു. അത് എന്തിന് അവസാനിപ്പിക്കണം’’- ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ അഞ്ച് തവണ സ്വന്തമാക്കിയ റൊണാള്‍ഡോ പറഞ്ഞു.