മുഖ്യമന്ത്രി ഡൽഹിയിൽ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
Thursday, October 9, 2025 2:51 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നു കൂടിക്കാഴ്ച നടത്തും. വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നാണു സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി മുംബൈയിലാണുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തുന്നതിനാൽ നാളെയോ മറ്റൊരു ദിവസമോ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കാനാണു സാധ്യത.
ഇന്നലെ രാത്രിയോടെ ഡൽഹിയിലെ കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് അമിത് ഷായുടെ ഓഫീസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.