സിലിഗുഡി ദുരന്തം: മരണം 32 ആയി
Thursday, October 9, 2025 2:20 AM IST
സിലിഗുഡി: വടക്കൻ ബംഗാളിലെ സിലിഗുഡിയിൽ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 32 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുർഘട പർവതമേഖലകളിൽ നിരവധി ടൂറിസ്റ്റുകൾ കുടുങ്ങിയിരിക്കുകയാണ്.
ദുരിതബാധിതരെ സന്ദർശിക്കാൻ പോകവേ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ ബിജെപി എംപി ഖാഗെൻ മുർമുവിനെ ഇന്നലെ മുഖ്യമന്ത്രി മമത ബാനർജി സന്ദർശിച്ചു. സിലിഗുഡിയിലെ ആശുപത്രിയിലാണ് മുർമു ചികിത്സയിലുള്ളത്.
ജൽപായ്ഗുഡി ജില്ലയിലെ നഗ്രകട്ടയിൽവച്ചായിരുന്നു മുർമുവിനെ ആൾക്കൂട്ടം ആക്രമിച്ചത്. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിനു പിന്നിലെന്നാണു ബിജെപിയുടെ ആരോപണം.