യുഎൻ വിലക്കുള്ള താലിബാൻ മന്ത്രി ഡൽഹിയിലേക്ക്
Thursday, October 9, 2025 2:20 AM IST
ന്യൂഡൽഹി: ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തിയതിന് യുഎൻ സുരക്ഷാ കൗണ്‍സിൽ വിവിധ വിലക്കുകളേർപ്പെടുത്തിയ താലിബാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്തഖി ഇന്നു പ്രത്യേക യാത്രാ ഇളവുകളോടെ ഡൽഹിയിലെത്തുമെന്നാണ് സൂചന.
നാലു വർഷം മുന്‍പ് അധികാരത്തിലെത്തിയ താലിബാന്റെ മുതിർന്ന മന്ത്രി ഇന്ത്യയിലെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പുതിയ യുഗത്തിനു തുടക്കം കുറിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അഞ്ചുദിവസത്തെ സന്ദർശനത്തിനെത്തുന്ന അമിർ ഖാന് ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയെന്നുള്ള പൂർണ പ്രോട്ടോകോൾ പാലിച്ചായിരിക്കും ആതിഥേയത്വമരുളുകയെന്നാണു സൂചന.
അമിർ ഖാൻ നാളെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയേക്കും.