കരൂർ ദുരന്തം: ടിവികെ സുപ്രീംകോടതിയിൽ
Thursday, October 9, 2025 2:51 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു ടിവികെ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് പാർട്ടി സെക്രട്ടറി ആധവ് അർജുന സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ അടിയന്തര വാദം ആവശ്യപ്പെട്ടതിനെത്തുടർന്ന് നാളെ ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. സമാന വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി നേതാവും സംസ്ഥാന ലീഗൽ സെൽ വൈസ് പ്രസിഡന്റുമായ ജെ.എസ്. മണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെയും അദ്ദേഹം തന്റെ ഹർജിയിൽ വെല്ലുവിളിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തിൽ മരിച്ച കുട്ടിയുടെ പിതാവ് സമർപ്പിച്ച ഒരു ഹർജിയും സുപ്രീംകോടതിയിലുണ്ട്. ഈ ഹർജികളെല്ലാം നാളെ കോടതി പരിഗണിക്കും.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.