റഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിൽ
Thursday, October 9, 2025 2:20 AM IST
അഹമ്മദാബാദ്: റഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവിനെ യുക്രെയ്ൻ സൈന്യം പിടികൂടി. ഗുജറാത്ത് സ്വദേശിയായ മജോട്ടി സാഹിൽ ഹുസൈനാണ് (22) പിടിയിലായത്.താൻ കീഴടങ്ങിയതാണെന്ന് സാഹിൽ ഹുസൈൻ പറഞ്ഞു.
ഗുജറാത്തിലെ മോർബിയാണ് ഇയാളുടെ സ്വദേശം. പഠനത്തിനായി റഷ്യയിലെത്തിയ തന്നെ മയക്കുമരുന്നു കേസിൽ പെടുത്തിയെന്നും അതിൽനിന്നു രക്ഷപ്പെടാനാണു റഷ്യൻ സൈന്യത്തിൽ ചേർന്നതെന്നും സാഹിൽ ഹുസൈൻ പറഞ്ഞു.
സാഹിൽ ഹുസൈന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം യുക്രെയ്ൻ സൈന്യം പുറത്തുവിട്ടു. ജയിൽശിക്ഷ ഒഴിവാക്കാനാണ് താൻ റഷ്യൻ സൈന്യത്തിൽ ചേർന്നതെന്ന് സാഹിൽ ഹുസൈൻ പറയുന്നത് വീഡിയോയിൽ കാണാം.
യുദ്ധമുഖത്തേക്ക് അയയ്ക്കുന്നതിനു മുന്പ് റഷ്യൻ സൈന്യം 16 ദിവസത്തെ പരിശീലനം നല്കിയെന്നും കമാൻഡറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് യുക്രെയ്ൻ സൈന്യത്തിനു മുന്പാകെ ആയുധംവച്ച് കീഴടങ്ങിയെന്നുമാണ് സാഹിൽ പറയുന്നത്.