15 സീറ്റ് വേണമെന്ന് മാഞ്ചി
Thursday, October 9, 2025 2:51 AM IST
പാറ്റ്ന: ബിഹാറിൽ സീറ്റ് വിഭജന ചർച്ചകളിലേക്കു കടക്കുംമുന്പേ എൻഡിഎ നേതൃത്വത്തോട് അവകാശവാദങ്ങളുന്നയിച്ച് ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. പതിനഞ്ച് സീറ്റുകളാണ് മാഞ്ചി ആവശ്യപ്പെടുന്നത്.
എട്ട് സീറ്റുകളിലെങ്കിലും വിജയിച്ചാലേ അംഗീകൃത രാഷ് ട്രീയകക്ഷിയെന്ന പദവി ലഭിക്കൂ. അതിന് കുറഞ്ഞത് പതിനഞ്ച് സീറ്റിലെങ്കിലും മത്സരിക്കണം.
2020 ൽ ഏഴ് സീറ്റുകളാണ് ലഭിച്ചത്. നാലിടത്തു വിജയിക്കാനായി. പാർട്ടിയുടെ പ്രഹരശേഷി 60 ശതമാനമാണെന്ന് ഇതിലൂടെ വ്യക്തമാണെന്നും 15 സീറ്റ് കിട്ടിയാൽ എട്ടിടത്ത് ജയിക്കാമെന്നും മാഞ്ചി വിശദീകരിക്കുന്നു.
15 സീറ്റ് കിട്ടിയില്ലെങ്കിൽ ഒരൊറ്റ സീറ്റിലും പാർട്ടി മത്സരിക്കില്ല. മുഴുവൻ എൻഡിഎ സ്ഥാനാർഥികളെയും പിന്തുണയ്ക്കുകയും ചെയ്യും.