നവി മുംബൈ വിമാനത്താവള നിർമാണം; ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
Thursday, October 9, 2025 2:20 AM IST
മുംബൈ: 19,650 കോടി രൂപ ചെലവിൽ നിർമിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
1,160 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളം വ്യോമയാന മേഖലയ്ക്കു കൂടുതൽ കരുത്തു പകരുമെന്നും നിലവിലുള്ള ഛത്രപതി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗതാഗതത്തിരക്ക് ലഘൂകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഔപചാരിക ഉദ്ഘാടനത്തിനു മുന്പ്, നിർമാണം നടന്നുകൊണ്ടിരിക്കുന്ന മേഖലയിൽ പ്രധാനമന്ത്രി കാൽനടയാത്ര നടത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് പ്രോജക്ട് ആണെന്നും മുംബൈ നഗരത്തിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണെന്നും അദ്ദേഹം പറഞ്ഞു.
12,200 കോടി രൂപ ചെലവിൽ നിർമിക്കുന്ന മുംബൈ മെട്രോ ലൈനിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും മോദി നിർവഹിച്ചു. ആചാര്യ അത്രേ ചൗക്ക് മുതൽ കഫേ പരേഡ് വരെ നീളുന്ന മെട്രോലൈനാണിത്.
ഇതോടൊപ്പം 37,270 കോടി ചെലവിൽ നിർമിച്ച മെട്രോ ലൈൻ-3ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.