അഞ്ചുവർഷം; സഭ ചേർന്നത് വെറും 146 ദിവസം
Thursday, October 9, 2025 2:51 AM IST
പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 17-ാം നിയമസഭ അഞ്ചു വർഷത്തിനിടെ ചേർന്നത് വെറും 146 ദിവസംമാത്രം.
സംസ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കിയ നിയമസഭകളുടെ കണക്കു പരിശോധിച്ചാൽ ഏറ്റവും കുറവ് സമ്മേളനദിവസങ്ങളും ഈ മന്ത്രിസഭയുടേതാണ്. 78 ബില്ലുകളാണ് സഭ പാസാക്കിയത്. അവതരിപ്പിച്ച അന്നു തന്നെ എല്ലാ ബില്ലുകളും പാസാക്കി. കൂടുതൽ ചർച്ചകൾക്കായി ഒരൊറ്റ ബിൽ പോലും മറ്റൊരു കമ്മിറ്റിയിലേക്ക് റഫർ ചെയ്യേണ്ടിവന്നിട്ടുമില്ല.
146 ദിവസം സമ്മേളിച്ചു എന്നതിലൂടെ പ്രതിവർഷം 29 ദിവസം വീതം സഭ കൂടി. സമ്മേളനദിവസങ്ങളിൽ സഭാ നടപടികൾ ശരാശരി മൂന്നു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തു. രാജ്യത്തെ മറ്റെല്ലാ നിയമസഭകളിലും സിറ്റിംഗ് ദിവസങ്ങളിൽ ശരാശരി അഞ്ചു മണിക്കൂർ പ്രവർത്തിക്കും എന്നിരിക്കെയാണിത്.