തമിഴ്നാട്ടിലെ ചുമമരുന്നുകേന്ദ്രം അടച്ചുപൂട്ടി
Thursday, October 9, 2025 2:51 AM IST
ചെന്നൈ/കാഞ്ചീപുരം: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിക്കുന്ന തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള കേന്ദ്രം തമിഴ്നാട് സർക്കാർ അടച്ചുപൂട്ടി. മധ്യപ്രദേശിൽനിന്നുള്ള പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തി സാന്പിളുകൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തു.
കന്പനിയുടെ ചെന്നൈയിലെ ഓഫീസിലും അന്വേഷണസംഘം പരിശോധന നടത്തി. കന്പനിക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാരും അറിയിച്ചു.
ചുമമരുന്നു കഴിച്ച 20 കുട്ടികൾ മരിച്ചതായി ചൊവ്വാഴ്ച മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്രശുക്ല സ്ഥിരീകരിച്ചു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായാണു കുട്ടികൾ മരിച്ചത്.
കന്പനിയിൽനിന്ന് ശേഖരിച്ച മരുന്നു സാന്പിളുകളിൽ മായം കലർന്നിട്ടുണ്ടെന്ന് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. പുതുച്ചേരി, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയ്ക്കു പുറമേ മറ്റ് ഏതാനും സംസ്ഥാനങ്ങളിലും മരുന്നു വിറ്റഴിച്ചതായാണു അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.