ശ്രേയസ് ഉയർത്തിയ തിരിച്ചുവരവ്..!
Thursday, October 9, 2025 12:52 AM IST
ബിസിസിഐ സെൻട്രൽ കോണ്‍ട്രാക്ട് ലിസ്റ്റിൽനിന്നു പുറത്ത്. ദേശീയ ടീമിൽ തിരിച്ചെത്താൻ ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിക്കണമെന്ന സെലക്ഷൻ കമ്മിറ്റിയുടെ ഭീഷണി സ്വരം. പ്രതിസന്ധികളെ പൊരുതി തേൽപ്പിച്ച് ഒടുവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരിച്ചുവരവ്.
ശ്രേയസ് അയ്യർ ഒരു പോരാളിയായി മാറിയ കാലം കൂടിയാണ് കഴിഞ്ഞുപോയത്. സെലക്ഷൻ കമ്മിറ്റിയെ പോലും മുട്ടുകുത്തിച്ച് സെൻട്രൽ കോണ്ട്രാക്ടിൽ ബി ഗ്രേഡിലേക്ക് ഉയർന്ന് ഇന്ത്യൻ ഏകദിന ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള വൈസ് ക്യാപ്റ്റനായിരിക്കുകയാണ് ശ്രേയസ്.
അത് വെറുമൊരു വരവല്ല!
അച്ചടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ്, ഐപിഎൽ നേതൃത്വം, സ്ഥിരതയാർന്ന പ്രകടനം... ശ്രേയസുയർത്തി അയ്യരുടെ വരവ് വെറുതെയല്ല. ബിസിസിഐ കോണ്‍ട്രാക്ട് ലിസ്റ്റിൽ സ്ഥാനം തിരിച്ചുപിടിച്ച ശ്രേയസ് ദേശീയ ടീമിൽ എത്തുക മാത്രമല്ല, 2025ലെ ഇന്ത്യയുടെ ഐസിസി ചാന്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്കും വഹിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി അച്ചടക്കത്തോടെ സ്ഥിരത നിലനിർത്തിയുള്ള പ്രകടനം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 2024ൽ കോൽക്കത്തയെ നയിച്ച് കപ്പുയർത്തി. 2025ൽ പഞ്ചാബിനെ ഫൈനലിൽ എത്തിച്ചു. മികച്ച നായകനെന്ന് തെളിയിച്ചു. ഒടുവിൽ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയും സ്വന്തമാക്കി.
ചിട്ടയായ ശീലം!
ശ്രേയസിന്റെ തിരിച്ചുവരവ് യാത്ര ചെറുതല്ല. ആ യാത്ര ശ്രേയസ് വിവരിക്കുന്നത് ഇങ്ങനെ... ഇതൊരു റോളർ കോസ്റ്റർ യാത്രയായിരുന്നു, കരിയറിൽ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുകയും അച്ചടക്കമില്ലാതെയും കാണപ്പെട്ടു. പക്ഷേ, ചിട്ടയായ ശീലം ക്രമീകരിക്കാനും പരിശീലനം നടത്താനും സ്വയം അച്ചടക്കം പാലിക്കാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാനും ഞാൻ തീരുമാനിച്ചു.
രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിൽ ക്യാപ്റ്റനായി ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കൊപ്പം കളിച്ചു. ഈ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഇതെന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.
2024- 2025 സീസണ്
2024-25 സീസണിൽ അയ്യരുടെ വ്യക്തിഗത മികവും നേതൃത്വവും പ്രകടമായതോടെയാണ് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യമായത്. ക്യാപ്റ്റനെന്ന നിലയിൽ മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. രഞ്ജി ട്രോഫി, ഇറാനി കപ്പുകളിൽ നിർണായക സംഭാവന നൽകി.
ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഇടംപിടിച്ച ശ്രേയസ് അഞ്ച് ഇന്നിംഗ്സുകളിൽനിന്ന് രണ്ട് അർധ സെഞ്ചുറിയുൾപ്പെടെ 243 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. 2025ൽ എട്ട് ഏകദിനങ്ങളിൽനിന്ന് നാല് അർധ സെഞ്ചുറിയുൾപ്പെടെ 53 ശരാശരിയിൽ 424 റണ്‍സ് അടിച്ചുകൂട്ടി.