ജയ് ജയ് ജയ്സ്വാള്‍
Saturday, October 11, 2025 4:49 AM IST
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍ എന്ന കീര്‍ത്തിയിലേക്കു കുതിക്കുന്ന യശസ്വി ജയ്സ്വാള്‍ 173 നോട്ടൗട്ടുമായി തന്റെ ക്ലാസ് വീണ്ടും വെളിപ്പെടുത്തി... ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍ സ്ഥാനത്തിന് അര്‍ഹനാണെന്ന് 87 റണ്‍സ് നേടിയ സായ് സുദര്ശന് തെളിയിച്ചു...
ടെസ്റ്റ് ക്യാപ്റ്റനായുള്ള ഏഴാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് ആദ്യമായി ടോസ് ഭാഗ്യം തുണച്ചു... അരുണ്‍ ജയ്റ്റ് ലി സ്റ്റേഡിയത്തിലെ സ്ലോ പിച്ചില്‍ തികഞ്ഞ അച്ചടക്കത്തോടെ പന്ത് എറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍, ഒന്നാംദിനം 90 ഓവര്‍ ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒരു എക്സ്ട്രാ റണ്‍ പോലും ഇന്ത്യക്കു നല്‍കിയില്ല. എങ്കിലും വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാംദിനം ഇന്ത്യ ക്രീസ് വിട്ടത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് എന്ന ശക്തമായ നിലയില്‍. കൂറ്റന്‍ സ്കോര്‍ മുന്നില്‍ക്കണ്ടുള്ള ഇന്ത്യന്‍ കുതിപ്പിന്റെ നേര്‍ചിത്രമായിരുന്നു ആദ്യദിനം ഡല്‍ഹിയില്‍ കണ്ടത്.
ജയ്സ്വാള്‍ - സുദര്ശന്
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണര്‍മാരായ ജയ്സ്വാളും കെ.എല്‍. രാഹുലും ചേര്‍ന്ന് 58 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 54 പന്തില്‍ 38 റണ്‍സ് നേടിയ രാഹുലിനെ ജോമെല്‍ വാരിക്കാന്റെ പന്തില്‍ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും സായ് സുദര്‍ശനും ചേര്‍ന്ന് 193 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 165 പന്തില്‍നിന്ന് 12 ഫോറിന്റെ സഹായത്തോടെ 87 റണ്‍സ് നേടിയ സായ് സുദര്‍ശനെ വാരിക്കാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി ഈ കൂട്ടുകെട്ടും പൊളിച്ചു.
തുടര്‍ന്നു ക്രീസില്‍ എത്തിയ ശുഭ്മാന്‍ ഗില്‍ 68 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. 22 ഫോറിന്റെ സഹായത്തോടെ 253 പന്തില്‍നിന്ന് 173 റണ്‍സുമായി ജയ്സ്വാളും ക്രീസിലുണ്ട്. നേരിട്ട 145-ാം പന്തിലായിരുന്നു ജയ്സ്വാളിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി. 224-ാം പന്തില്‍ 150 കടന്നു.
മുന്നില്‍ ബ്രാഡ്മാന് മാത്രം
ടെസ്റ്റ് ക്രിക്കറ്റില്‍ 23കാരനായ ജയ്സ്വാളിന്റെ ഏഴാം സെഞ്ചുറിയാണ്. അതില്‍ അഞ്ച് എണ്ണവും 150ല്‍ കൂടുതല്‍ സ്കോര്‍ ചെയ്തു. ഇതോടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡ് യശസ്വി ജയ്സ്വാള്‍ മറികടന്നു.
23 വയസില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ 150+ സ്കോര്‍ എന്നതിലാണ് സച്ചിന് തെണ്ടുല്‍ക്കറിനെ ജയ്സ്വാള്‍ മറികടന്നത്. സച്ചിന് 23 വയസില്‍ 80 ഇന്നിംഗ്സില്‍ നാല് 150+ സ്കോര്‍ നേടി. 48-ാം ഇന്നിംഗ്സിലാണ് ജയ്സ്വാള്‍ അഞ്ചാം 150+ സ്കോര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന് മാത്രമാണ് ഇക്കാര്യത്തില്‍ ഇനി ജയ്സ്വാളിനു മുന്നിലുള്ളത്; 26 ഇന്നിംഗ്സില്‍ എട്ട് 150+ സ്കോര്‍.

ഇന്ത്യക്കായി 150+ സ്കോര്‍ ഏറ്റവും കൂടുതല്‍ നേടിയത് സച്ചിന് തെണ്ടുല്‍ക്കറാണ്, 20 എണ്ണം. വിരേന്ദര്‍ സെവാഗ് (14), സുനില്‍ ഗാവസ്കര്‍ (12), രാഹുല്‍ ദ്രാവിഡ് (11), വിരാട് കോഹ്ലി (11), മുഹമ്മദ് അസ്ഹറുദ്ദീന് (7), ചേതേശ്വര്‍ പൂജാര (7), വി.വി.എസ്. ലക്ഷ്മണ് (6), ദിലീപ് വെങ്സര്‍ക്കാര്‍ (6) എന്നിവരാണ് ജയ്സ്വാളിനു (5) മുന്നിലുള്ളത്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാള്‍ നോട്ടൗട്ട് 173, രാഹുല്‍ സ്റ്റംപ്ഡ് ബി വാരിക്കാന്‍ 38, സായ് എല്‍ബിഡബ്ല്യു ബി വാരിക്കാന്‍ 87, ഗില്‍ നോട്ടൗട്ട് 20, എക്സ്ട്രാസ് 0, ആകെ 90 ഓവറില്‍ 318/2.
വിക്കറ്റ് വീഴ്ച: 1-58, 2-251.
ബൗളിംഗ്: ജെയ്ഡന്‍ സീല്‍സ് 16-1-59-0, ആന്ഡേഴ്സണ് ഫിലിപ്പ് 13-2-44-0, ജസ്റ്റിന് ഗ്രീവ്സ് 8-1-26-0, ഖാരി പിയെര്‍ 20-1-74-0, വാരിക്കാന്‍ 29-3-60-2, റോസ്റ്റണ്‍ ചേസ് 13-0-55-0.
സച്ചിനെ മറികടക്കുമോ ജയ്സ്വാള്‍..?
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ ഒരു റിക്കാര്‍ഡ് ഇന്നലെ യശസ്വി ജയ്സ്വാള്‍ തകര്‍ത്തു. 23 വയസില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 150+ സ്കോര്‍ നേടുന്നതിലായിരുന്നു സച്ചിന്റെ റിക്കാര്‍ഡ് ഇന്നലെ ജയ്സ്വാള്‍ മറികടന്നത്. 23 വയസില്‍ സച്ചിന് നാല് 150+ ടെസ്റ്റ് സ്കോര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 23 വര്‍ഷവും 287 ദിനവും പ്രായമുള്ള ജയ്സ്വാളിന് ഇതുവരെ അഞ്ച് 150+ ടെസ്റ്റ് സ്കോര്‍ ഉണ്ട്.
25 വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന കളിക്കാരന് എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡ് ജയ്സ്വാളിനു മറികടക്കാന്‍ സാധിക്കുമോ എന്നതാണ് നിലവിലെ ചോദ്യം. 26-ാം ടെസ്റ്റ് കളിക്കുന്ന ജയ്സ്വാളിന് ഏഴ് സെഞ്ചുറിയായി. 52.48 ആണ് ശരാശരി. 25-ാം ജന്മദിനത്തിനു മുമ്പ് സച്ചിന് തെണ്ടുല്‍ക്കര്‍ 16 ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. 61 ടെസ്റ്റില്നിന്നായിരുന്നു അത്. ശരാശരി 54.84 ഉം.
അസ്ഹർ പിന്നിൽ
25 വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ജയ്സ്വാള്‍ മറികടന്നു. 25-ാം ജന്മദിനത്തിനു മുമ്പ് അഹ്സറുദ്ദീന് 24 ടെസ്റ്റില്‍ ആറ് സെഞ്ചുറിയേ ഉണ്ടായിരുന്നുള്ളൂ. 25 വയസിനുള്ളില്‍ 54 ടെസ്റ്റില്‍ ഏഴ് സെഞ്ചുറി നേടിയ രവി ശാസ്ത്രിക്ക് ഒപ്പമാണ് ജയ്സ്വാള്‍ നിലവിലുള്ളത്. സച്ചിന്റെ റിക്കാര്‍ഡിലേക്കുള്ള കുതിപ്പില്‍ ശാസ്ത്രിയെ ജയ്സ്വാള്‍ വരുംനാളില്‍ പിന്തള്ളുമെന്നുറപ്പ്.