വിദര്‍ഭയെ തകര്‍ത്ത് കേരളം
Friday, October 10, 2025 12:40 AM IST
ചണ്ഡിഗഡ്: ദേശീയ സീനിയര്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ വിദര്‍ഭയ്ക്കെതിരേ കേരളത്തിന് ആറ് വിക്കറ്റ് ജയം.
ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ്. ആശയുടെയും ഉജ്വല ഇന്നിംഗ്സുകളാണ് കേരളത്തിന് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. 19.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കേരളം ജയം സ്വന്തമാക്കി.
128 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് എഴ് റണ്‍സെടുക്കുന്നതിനിടെ ഷാനി, ദൃശ്യ, നജ്ല എന്നിവരുടെ വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റില്‍ സജനയും ആശയും ചേര്‍ന്നുള്ള 100 റണ്‍സിന്റെ കൂട്ടുകെട്ടാണു ജയത്തില്‍ നിര്‍ണായകം.
ആശ 52 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 61 റണ്‍സ് എടുത്തു. സജന 52 പന്തില്‍നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം 57 റണ്‍സുമായി പുറത്താകാതെ നിന്നു. ആശയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.