വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു
Friday, October 10, 2025 12:40 AM IST
വിശാഖപട്ടണം: ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ആദ്യ തോൽവി. സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. ഏഴ് പന്ത് ബാക്കിവച്ച് മൂന്നു വിക്കറ്റിനായിരുന്നു പ്രോട്ടീസ് വനിതകളുടെ ത്രില്ലിംഗ് ജയം. സ്കോർ: ഇന്ത്യ 49.5 ഓവറിൽ 251. ദക്ഷിണാഫ്രിക്ക 48.5 ഓവറിൽ 252/7.
ലോകകപ്പിൽ രണ്ടു ജയത്തിനുശേഷം ഇന്ത്യയുടെ ആദ്യ തോൽവിയാണ്. മൂന്നു മത്സരം പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയം. നാല് പോയിന്റ് വീതമുള്ള ഇന്ത്യയും ദക്ഷിണാഫ്രിക്കയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
252 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിൽ എത്തിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എന്ന നിലിയിലായിരുന്നു. തസ്മിൻ ബിറ്റ്സ് (0), സണ്‍ ലൂസ് (5), മാരിസൻ കാപ്പ് (20), അന്നെക് ബോഷ് (1), സിനിലോ ജോഫ്റ്റ (14) എന്നിവർ 19.4 ഓവറിനുള്ളിൽ പുറത്തായതോടെ ആയിരുന്നു അത്. എന്നാൽ, ക്യാപ്റ്റൻ ലോവ്റ വോൾവാഡ്റ്റും ഷോലെ ട്രയോണും നാദിൻ ഡി ക്ലർക്കും ചേർന്ന് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തു.
54 പന്തിൽ അഞ്ച് സിക്സും എട്ട് ഫോറും അടക്കം 84 റണ്‍സുമായി പുറത്താകാതെ നിന്ന എട്ടാം നന്പർ ബാറ്ററായ ഡി ക്ലർക്കാണ് മത്സരം ഒറ്റയ്ക്ക് പ്രോട്ടീസിന്റെ വരുതിയിലാക്കിയത്. 111 പന്തിൽ 70 റണ്‍സുമായി ലോവ്റയും 66 പന്തിൽ 49 റണ്‍സുമായി ഷോലെ ട്രയോണും മത്സരം തിരികെ പിടിക്കുന്നതിൽ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു.
40 ഓവറില്‍ 153/7
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ഓപ്പണര്‍മാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ആദ്യ വിക്കറ്റില്‍ 55 റണ്‍സ് നേടി. 32 പന്തില്‍ 23 റണ്‍സ് നേടിയ സ്മൃതിയാണ് ആദ്യം പുറത്തായത്. മൂന്നാം നമ്പറില്‍ എത്തിയ ഹര്‍ലീന്‍ ഡിയോളിന് (23 പന്തില്‍ 13) അധിക നേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. 56 പന്തില്‍ 37 റണ്‍സ് നേടിയ പ്രതീകയും പിന്നാലെ പുറത്ത്.
ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങിയതോടെ ഇന്ത്യയുടെ സ്കോര്‍ 26 ഓവറില്‍ ആറിന് 102. 40-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അമന്‍ജോത് കൗറും (44 പന്തില്‍ 13) മടങ്ങി. അതോടെ ഇന്ത്യയുടെ അക്കൗണ്ട് 153/7.
സൂപ്പര്‍ റിച്ച
തുടര്‍ന്നാണ് എട്ടാം നമ്പര്‍ ബാറ്ററായ റിച്ച ഘോഷും ഒമ്പതാം നമ്പറുകാരിയായ സ്നേഹ റാണയും ക്രീസില്‍ ഒന്നിച്ചതും അദ്ഭുത ഇന്നിംഗ്സ് കാഴ്ചവച്ചതും. 200 കടക്കില്ലെന്നു തോന്നിച്ച ഇന്ത്യന്‍ സ്കോര്‍ 251വരെ എത്തിച്ചത് റിച്ചയുടെയും സ്നഹ റാണയുടെയും എട്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു.
77 പന്തില്‍ നാല് സിക്സും 11 ഫോറും അടക്കം റിച്ച ഘോഷ് 94 റണ്‍സ് അടിച്ചെടുത്തു. 50-ാം ഓവറിന്റെ നാലാം പന്തില്‍ കൂറ്റനടിക്കു ശ്രമിച്ചായിരുന്നു റിച്ച മടങ്ങിയത്. അര്‍ഹിച്ച സെഞ്ചുറിക്ക് ആറ് റണ്‍സ് അകലെവച്ചുള്ള മടക്കം.
24 പന്ത് നേരിട്ട് ആറ് ഫോറിന്റെ സഹായത്തോടെ 33 റണ്‍സ് നേടിയ സ്നേഹ റാണയും ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എട്ടാം വിക്കറ്റില്‍ സ്നേഹ റാണയും റിച്ച ഘോഷും ചേര്‍ന്ന് 53 പന്തില്‍ 88 റണ്‍സ് അടിച്ചെടുത്തു.