വിപണിയിൽ നേട്ടം
Thursday, October 9, 2025 11:19 PM IST
മുംബൈ: ഒരു ദിവസത്തെ തളർച്ചയ്ക്കുശേഷം ഓഹരിവിപണി വീണ്ടും ഉണർന്നു. സെപ്റ്റംബർ പാദ വരുമാനകണക്കുകൾ പുറത്തുവരുന്നതിനു മുന്നോടിയായി ഉയർന്ന തോതിൽ വാങ്ങലുകൾ ഉയർന്നതാണ് വിപണിക്കു കരുത്തായത്.
ബിഎസ്ഇ സെൻസെക്സ് 398 പോയിന്റ് (0.49%) ഉയർന്ന് 82172.10ലും എൻഎസ്ഇ നിഫ്റ്റി 136 പോയിന്റ് (0.54%) നേട്ടത്തോടെ 25181.80ലും വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.75 ശതമാനവും 0.18 ശതമാനവും ഉയർന്നു. നിഫ്റ്റി മിഡ്കാപ് സൂചിക 0.97 ശതമാനവും സമോൾകാപ് 0.61 ശതമാനവും ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനിയുടെ മൊത്തം മൂലധനം കഴിഞ്ഞ സെഷനിലെ 458 ലക്ഷം കോടി രൂപയിൽനിന്ന് 460 ലക്ഷം കോടി രൂപയിലെത്തി. ഇതോടെ നിക്ഷേപർക്ക് ഒറ്റ സെഷനിൽ രണ്ടു ലക്ഷം കോടി രൂപയിലധികം ലഭിച്ചു.
നിഫ്റ്റി മേഖല സൂചികകളിൽ ഭൂരിഭാഗവും പോസിറ്റിവായിട്ടാണ് ക്ലോസ് ചെയ്തത്. ഐടി (1.12%), മെറ്റൽ (2.17%), ഫാർമ (1.05%), പിഎസ്യു ബാങ്ക് (0.61%) ഓഹരികൾ വാങ്ങലുകൾ ഉയർന്നതിനെത്തുടർന്ന് നേട്ടം കൊയ്തു. ഫിനാൻഷൽ സർവീസസ്, ബാങ്ക്, ഓട്ടോ, എഫ്എംസിജി, പ്രൈവറ്റ് ബാങ്ക, ഹെൽത്ത് കെയർ എന്നിവ ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്.