ടാറ്റയിലെ അധികാരപ്പോര്: ഇടപെട്ട് സര്‍ക്കാര്‍
Thursday, October 9, 2025 1:12 AM IST
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ടാറ്റ പിന്തുടർന്നിരുന്ന അച്ചടക്കവും മര്യാദയും ധാര്‍മികതയും സംരക്ഷിക്കണമെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടയിടുന്ന ട്രസ്റ്റികളെ വേണ്ടിവന്നാല്‍ പുറത്താക്കാനും കേന്ദ്രം നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ ട്രസ്റ്റ് ചെയര്മാന് നോയല്‍ ടാറ്റ, വൈസ് ചെയര്മാന് വേണു ശ്രീനിവാസന്, ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്, ട്രസ്റ്റി ഡേരിയസ് ഖംബാട്ടാ എന്നിവര്‍ ഇന്നലെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രി നിര്‍മല സീതാരാമനും സംബന്ധിച്ചു.
ടാറ്റയിലെ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കേന്ദ്ര നീക്കം.ടാറ്റ സണ്‍സില്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിന്റെ ചെയര്മാന് നോയല്‍ ടാറ്റയുടെ അധികാരം സംബന്ധിച്ച തര്‍ക്കമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ട്രസ്റ്റികളെ അറിയിക്കാതെ നോയല്‍ ടാറ്റ ഏകപക്ഷീയമായ തീരുമാനമെടുക്കുന്നുവെന്നാണ് പ്രധാന ആരോപണം.