വ്യാപാരക്കരാർ ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി
Thursday, October 9, 2025 1:12 AM IST
മുംബൈ: ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാറിനു കീഴിൽ അതുല്യമായ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാസന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
2028 ഓടെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡായി വ്യാപാര കരാർ മാറുമെന്നും സ്റ്റാർമർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുംബൈയിൽ വിമാനമിറങ്ങിയ സ്റ്റാർമർക്കൊപ്പം 125 പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ട്.
പ്രമുഖ ബിസിനസുകാർ, സംരംഭകർ, സർവകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാർമർ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാരക്കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച് രണ്ടര മാസത്തിനു ശേഷമാണ് സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം.
“ജൂലൈയില്‍ ഞങ്ങള്‍ സ്വതന്ത്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പിട്ടു. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. വ്യാപാര കരാര്‍ വെറും പേപ്പര്‍ കഷണങ്ങളല്ല, വളര്‍ച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. 2028-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാകാന് പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരബന്ധം എളുപ്പവും ചെലവ് കുറഞ്ഞതുമാകും. ഇതുവഴി വരാനിരിക്കുന്ന അവസരങ്ങള്‍ സമാനതകളില്ലാത്തതാണ്”- സ്റ്റാര്‍മര്‍ പറഞ്ഞു.
ഇന്ത്യ-യുകെ സാമ്പത്തിക വ്യാപാര കരാര്‍ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയില്‍ തീരുവ ഒഴിവ് ലഭിക്കും. കൂടാതെ, 90 ശതമാനം യുകെ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവകളും ഇല്ലാതാകും.