ബിഎസ്എൻഎല്ലിനു നേട്ടം
Tuesday, October 7, 2025 10:50 PM IST
ന്യൂഡൽഹി: ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വയർലെസ് വരിക്കാരെ ചേർത്ത മൊബൈൽ സേവനദാതാക്കളുടെ പട്ടികയിൽ പൊതുമേഖല സ്ഥാപനം ബിഎസ്എൻഎല്ലിന് വൻ കുതിപ്പ്.
ഭാരതി എയർടെല്ലിനെ മറികടന്ന് പുതിയ ഉപയോക്താക്കളുടെ പട്ടികയിൽ ബിഎസ്എൻഎൽ രണ്ടാംസ്ഥാനത്തെത്തി. ഒന്നാംസ്ഥാനത്ത് റിലയൻസ് ജിയോയാണ്. മറ്റ് മൊബൈൽ സേവനദാതാക്കൾ വരിക്കാരുടെ എണ്ണം ഉയർത്തിയപ്പോൾ വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടി നേരിട്ടു.
വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരായ ജിയോ ഓഗസ്റ്റിൽ 19.50 ലക്ഷത്തോളം പേരെയാണ് നേടിയത്. 13.85 ലക്ഷം ഉപയോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഭാരതി എയർടെല്ലിന് 4.96 ലക്ഷം പുതിയ ഉപഭോക്താക്കളെ കിട്ടി. വോഡഫോണ്‍ ഐഡിയയ്ക്ക് ഓഗസ്റ്റിൽ 3.08 ലക്ഷത്തിലധികം ഉപയോക്താക്കളെയാണ് നഷ്ടമായത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആണ് കണക്കുകൾ പുറത്തുവിട്ടത്.
ഓഗസ്റ്റ് അവസാനത്തോടെ ജിയോയ്ക്ക് 47.94 കോടി വയർലെസ് വരിക്കാരുണ്ട്. എയർടെല്ലിന് 39.197 കോടി, വോഡഫോണ്‍ ഐഡിയയ്ക്ക് (വീ) 20.355 കോടി, ബിഎസ്എൻഎല്ലിന് 9.175 കോടി വരിക്കാരുമാണുള്ളത്.
രാജ്യത്ത് ആകെയുള്ള ടെലിഫോണ്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 122.45 കോടിയായി ഉയർന്നു. ജൂലൈയിൽ ഇത് 122 കോടിയായിരുന്നു. ഓഗസ്റ്റിൽ പുതുതായി 35.19 ലക്ഷം ഉപയോക്താക്കൾ മൊബൈൽ സെഗ്മെന്റിൽ വന്നതോടെയാണിത്. മൊബൈൽ വരിക്കാരിൽ 117 കോടിയും വയർലൈൻ വരിക്കാർ 4.65 കോടി കോടിയുമാണുള്ളത്.
ബിഎസ്എൻഎൽ വലിയ തോതിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ നേട്ടമുണ്ടാക്കിയത് 2024 സെപ്റ്റംബറിലാണ്. സ്വകാര്യ ടെലികോം സേവനദാതാക്കൾ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിലേക്ക് അന്ന് ഒഴുക്കുണ്ടായത്. അന്ന് 3 ജി സർവീസ് മാത്രമായിരുന്നു പൊതുമേഖല സ്ഥാപനം നല്‍കിയത്. ഇപ്പോൾ 4ജി സർവീസ് ആരംഭിച്ചതോടെ കൂടുതൽ ഉപയോക്താക്കളെ നേടിയെടുക്കാമെന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ.
ബ്രോഡ്ബാൻഡ് സെഗ്മെന്റിൽ റിലയൻസ് ജിയോ തന്നെയാണ് മുന്നിൽ. ആകെ ഉപയോക്താക്കൾ 50 കോടി കടന്നു. ഭാരതി എയർടെൽ (30.9 കോടി), വോഡഫോണ്‍ ഐഡിയ (12.7 കോടി), ബിഎസ്എൻഎൽ (3.43 കോടി), ആട്രിയ കണ്‍വെർജൻസ് (23.5 ലക്ഷം) എന്നിങ്ങനെയാണ്.
അതേസമയം, വയർലൈൻ സബ്സ്ക്രൈബേഴ്സിൽ ടാറ്റ ടെലിസർവീസ് 1.17 ലക്ഷം പുതിയ കണക്ഷനുകൾ സ്വന്തമാക്കി മുന്നിലെത്തി. ഭാരതി എയർടെൽ 1.08 ലക്ഷവും വോഡഫോണ്‍ ഐഡിയ 24,000 ഉപയോക്താക്കളെയും സ്വന്തമാക്കി.
ഇതിൽ ജിയോക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 15.51 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. പൊതുമേഖല സ്ഥാപനമായ എംടിഎൻഎല്ലിന് 1.87 ലക്ഷം ഉപയോക്താക്കളെ നഷ്ടമായി. ബിഎസ്എൻഎല്ലിന് 5,647 കണക്ഷനുകളും ഓഗസ്റ്റിൽ കൈവിട്ടുപോയി.
മെഷീൻ ടു മെഷീൻ (എം2എം) സെല്ലുലാർ കണക്ഷൻ മേഖലയിൽ ഭാരതി എയർടെൽ 5.26 കോടി കണക്ഷനുമായി ഒന്നാമതെത്തി. വിപണി വിഹിതം 58.66 ശതമാനമാക്കി ഉയർത്തി. വോഡഫോണ്‍ ഐഡിയ (19.4 %), റിലയൻസ് ജിയോ (17.94 %), ബിഎസ്എൻഎൽ (4.01 %) എന്നിവരാണ് പിന്നിൽ.
രാജ്യത്ത് 117.8 കോടി മൊബൈൽ വരിക്കാർ
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ വരിക്കാരുടെ എണ്ണം 117.8 കോടി എത്തിയതായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മൊബൈൽ, ബ്രോഡ്ബാൻഡ്, വയർലെസ് സേവനങ്ങൾ നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിരവളർച്ച രേഖപ്പെടുത്തുന്നതായും ട്രായ് വ്യക്തമാക്കി.
ആക്റ്റീവ് ആയിട്ടുള്ള മൊബൈൽ വരിക്കാരുടെ എണ്ണം 108.618 കോടിയാണ്.
1.55 കോടി വരിക്കാർ മെച്ചപ്പെട്ട കണക്ടിവിറ്റിക്കായി എംഎൻപിക്ക് (മൊബൈൽ നന്പർ പോർട്ടബിലിറ്റി) അപേക്ഷ നൽകിയെന്നും ട്രായ് വ്യക്തമാക്കി. മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ജൂലൈയിലെ 117.19 കോടിയിൽ നിന്ന് ഓഗസ്റ്റിൽ 117.8 കോടി ആയി ഉയർന്നു. ഇത് 0.52 ശതമാനം പ്രതിമാസ വളർച്ചാനിരക്കാണ്.
നഗരങ്ങളിലെ വരിക്കാർ 0.66 ശതമാനം വർധനയോടെ 64.52 കോടിയായി. ഗ്രാമീണവരിക്കാർ 0.36 ശതമാനം വളർച്ചയോടെ 53 .276 കോടിയായി ഉയർന്നു. വയർലെസ് ടെലിഡെൻസിറ്റി ജൂലൈയിലെ 82.75 ശതമാനത്തിൽനിന്ന് 83.12 ശതമാനമായി വർധിച്ചു.
നഗരങ്ങളിലെ വയർലെസ് ടെലി ഡെൻസിറ്റി 126.38 ശതമാനമായി ഉയർന്നപ്പോൾ, ഗ്രാമീണ ടെലിഡെൻസിറ്റിയിൽ 58.76 ശതമാനം എന്ന നേരിയ പുരോഗതി രേഖപ്പെടുത്തിയതായും ട്രായ് വ്യക്തമാക്കി.