അടിമുടി മാറ്റങ്ങളിലേക്ക് യുപിഐ ഇടപാടുകൾ
Tuesday, October 7, 2025 10:50 PM IST
മുംബൈ: ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) മികച്ചൊരു മാറ്റത്തിനൊരുങ്ങുന്നു. ഇന്നു മുതലാണ് യുപിഐയിലെ നവീകരണം നടക്കുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുപിഐ വഴി പണം അയയ്ക്കുന്പോഴോ സ്വീകരിക്കുന്പോഴോ ഉപയോക്താക്കൾക്ക് സംഖ്യ അടിസ്ഥാനമാക്കിയുള്ള പേഴ്സണ്‍ ഐഡിന്റിഫിക്കേഷൻ നന്പറിനു (പിൻ) പകരം വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്.
പുതിയ ബയോമെട്രിക് അധിഷ്ഠിത ഓഥറൈസേഷൻ സർക്കാരിന്റെ ആധാർ സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ അനുസരിച്ചാകും നടപ്പിലാകുക. ഇത് രാജ്യത്തുടനീളം നടക്കുന്ന പേയ്മെന്റുകൾ വേഗവും എളുപ്പവും സുരക്ഷിതതവുമാക്കുമെന്നാണ് വാഗ്ദാനം.
പരന്പരാഗത പിൻ നന്പറുകൾക്കു പകരം ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇതര ഓഥറൈസേഷൻ രീതികൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അനുവാദം നൽകിയിരുന്നു.
മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സവിശേഷത പ്രദർശിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പദ്ധതിയിടുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.